Quantcast

ആഘാതം; സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധനവ് നിലവിൽ വന്നു, ഇന്ന് യു.ഡി.എഫ് കരിദിനം

പുതിയതായി വാങ്ങുന്ന ഇ വാഹനങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് അഞ്ചാക്കി കുറച്ചതും പ്രാബല്യത്തില്‍ വന്നു

MediaOne Logo

Web Desk

  • Updated:

    2023-04-01 01:22:28.0

Published:

1 April 2023 12:52 AM GMT

petrol diesel price
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും മദ്യത്തിന്‍റെയും വില ഉയര്‍ന്നു.ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന നികുതിയും കെട്ടിട നികുതിയും കൂടി. പുതിയതായി വാങ്ങുന്ന ഇ വാഹനങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് അഞ്ചാക്കി കുറച്ചതും പ്രാബല്യത്തില്‍ വന്നു.

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇത് വഴി ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത്. രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. മദ്യത്തിന്‍റെ വിലയും ഉയര്‍ന്നു.500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി.സെന്‍റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇന്ന് മുതല്‍ 120000 രൂപ ആയി. ആനുപാതികമായി രജിസ്ട്രേഷന്‍ ചെലവും ഉയര്‍ന്നു. ഒരു ലക്ഷമാണ് ന്യായവിലയെങ്കില്‍ രജിസ്ട്രേഷന്‍ ചിലവ് രണ്ടായിരമായി വര്‍ധിക്കും.ഫ്ലാറ്റുകളും അപ്പാര്ട്ട്മെന്‍റുകളും നിര്‍മ്മിച്ച് ആറ് മാസത്തിനകം മറ്റൊരാള്‍ക്ക് കൈമാറുമ്പോഴുള്ള മുദ്രപത്ര നിരക്ക് 5 ശതമാനം എന്നത് ഏഴായി വര്‍ധിച്ചു. കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വര്‍ധനവ്.

വാഹനനികുതിയും വര്‍ധിച്ചു.2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധികനികുതി ഇനി മുതല്‍ നല്‍കണം. പുതിയതായി വാഹനം രജിസ്റ്റര്‍ ചെയ്യുന്പോള്‍ ഈടാക്കുന്ന ഒറ്റത്തവണ സെസ് വര്‍ധിച്ചു. ഇരു ചക്രവാഹനങ്ങള്‍ക്ക് 50 നിന്ന് നൂറും മുന്ന് ,നാല് ചക്രവാഹനങ്ങള്‍ക്ക് 100 ല്‍ നിന്ന് 200 രൂപയായും ഹെവി വാഹനങ്ങള്‍ 250 ല്‍ നിന്ന് 500 ആയുമായാണ് ഉയര്‍ന്നത്. ജൂഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്ക് കൂടി.മറ്റ് കോടതി വ്യവഹാരങ്ങള്‍ക്കുള്ള കോര്‍ട്ട് ഫീസില്‍ ഒരു ശതമാനം വര്‍ധനവ്. വാണിജ്യ,വ്യവസായ യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ച് ശതമാനമായി വര്‍ധിക്കും. ചില മേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായി.വില്‍പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. 30 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്ന ബിപിഎല്‍ കുടുംബത്തിന് കെട്ടിട നികുതിയില്ല.



യു.ഡി.എഫ് കരിദിനം

സംസ്ഥാന സർക്കാരിന്‍റെ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്ന ഇന്ന് യു.ഡി.എഫ് കരിദിനമായി ആചരിക്കും. എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും.

പന്തം കൊളുത്തിയും കരിങ്കൊടി ഉയർത്തിയും ഉള്ള പ്രതിഷേധ പ്രകടനങ്ങളും നടക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്കാണ് പ്രകടനം. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.

TAGS :

Next Story