Quantcast

ഇറാനിയന്‍ കപ്പല്‍ ആക്രമണം ഗൗരവകരം; കേന്ദ്രത്തിൻ്റെ പ്രതികരണം പ്രതിഷേധാര്‍ഹം, അമേരിക്കന്‍ വിധേയത്വം : മുഖ്യമന്ത്രി

'ആയത്തുല്ല അലി ഖാംനഈയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നത്'

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-05 15:06:16.0

Published:

5 March 2026 8:16 PM IST

pinarayi vijayan condemns iranian ship attack by us
X

തിരുവനന്തപുരം: നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെടുകയും നിരവധി നാവികര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ അതിഥികളായി എത്തി സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്ത കപ്പല്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ പോലും 'രാജ്യത്തിന്റെ അതിഥിയല്ല' എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം പ്രതിഷേധാര്‍ഹമാണ്. അത് അമേരിക്കന്‍ വിധേയത്വത്തിന്റെ പ്രകടനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പശ്ചിമേഷ്യയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷസ്ഥിതി അതീവ ആശങ്കാജനകമാണ്. അമേരിക്ക-ഇസ്രായേല്‍ അച്ചുതണ്ടിന്റെ തുടര്‍ച്ചയായ സൈനിക നടപടികളും അതിന് മറുപടിയായി ഉയരുന്ന ഇറാന്റെ പ്രത്യാക്രമണ ശ്രമങ്ങളും മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുകയാണ്. ഇത് ലോകസമാധാനത്തിനും അന്താരാഷ്ട്ര സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നതാണ്. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.

ഇന്ത്യന്‍ മഹാസമുദ്രത്തെ യുദ്ധക്കളമാക്കി മാറ്റുന്ന നടപടികള്‍ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്രയും ഗൗരവമുള്ള വിഷയങ്ങളില്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അദ്ദേഹം നയിക്കുന്ന കേന്ദ്ര സര്‍ക്കാരോ ഇതുവരെ വ്യക്തമായ പ്രതികരണം നടത്താത്തത് ശരിയായ സമീപനമല്ല.

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് മേഖലയിലാകെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അവിടെ ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് കേരളീയ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഇതിലൂടെ ബാധിക്കപ്പെടാം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ ചെലുത്തണം -മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ അത്ഭുതകരമായ നിഷ്‌ക്രിയത്വമാണ് ഐക്യരാഷ്ട്രസഭയില്‍ നിന്ന് കാണപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്ത് ഇത്തരം വിഷയങ്ങള്‍ ഉയരുമ്പോള്‍ സമാധാനം ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട ഐക്യരാഷ്ട്രസഭ തന്നെ അതിന്റെ അടിസ്ഥാന ലക്ഷ്യം മറക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story