ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത പിണറായി വിജയന് തിരുവനന്തപുരത്ത് സ്വീകരണം
വിമാനത്താവളത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് സ്വീകരണം നൽകിയത്

തിരുവനന്തപുരം: വോട്ട്കൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ടുള്ള ഡൽഹിയിലെ സമരത്തിൽ പങ്കെടുത്തതിനു ശേഷം തിരുവനന്തപുരത്ത് എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കമുള്ള നേതാക്കൾക്ക് സിപിഎം സ്വീകരണം. എയർപോർട്ടിൽ നൂറുകണക്കിന് പ്രവർത്തകരാണ് സ്വീകരണം നൽകിയത്. പി.കെ ശ്രീമതി, ഇ.പി ജയരാജൻ അടക്കമുള്ള ഒമ്പതോളം നേതാക്കളാണ് സ്വീകരണത്തിൽ പങ്കെടുത്തത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു പിണറായിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.
പിണറായി വിജയനെ കൂടാതെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, ബൃന്ദ കാരാട്ട്, എം.വി ഗോവിന്ദൻ, കെ.എൻ ബാലഗോപാൽ, പി.രാജീവ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ നിരവധി ഇടതുപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനും വോട്ടവകാശം അട്ടിമറിക്കാനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കങ്ങൾക്കെതിരെയാണ് തങ്ങൾ സമരം ചെയ്തതെന്നും, രാജ്യത്തെ ഒരു 'പോലീസ് സ്റ്റേറ്റ്' ആക്കി മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പ്രതികരിച്ചിരുന്നു. നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ സിപിഎം പോളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചിട്ടുണ്ട്.
തങ്ങളെ കയറ്റിയ പൊലീസ് വാഹനം മണിക്കൂറുകളോളം നഗരത്തിൽ ചുറ്റിക്കറങ്ങിയ ശേഷമാണ് ഒടുവിൽ സ്റ്റേഷനിൽ എത്തിച്ചതെന്ന് പുറത്തിറങ്ങിയതിന് ശേഷം പിണറായി വിജയൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലുള്ളപ്പോൾ പിണറായി വിജയന് ആവശ്യമായ ഭക്ഷണവും കൃത്യസമയത്ത് കഴിക്കേണ്ട മരുന്നുകളും പൊലീസ് ലഭ്യമാക്കിയില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി ആരോപിച്ചിരുന്നു.
Adjust Story Font
16

