Quantcast

'ഞങ്ങളെ ആക്ഷേപിക്കാന്‍ വേണ്ടി ചെന്നിത്തല ഭീഷ്മരെ അപമാനിച്ചത് മോശമായിപ്പോയി': മുഖ്യമന്ത്രി പിണറായി വിജയന്‍

കുരുക്ഷേത്ര യുദ്ധത്തിൽ മരണം കാത്ത് കിടക്കുന്ന ശരശയ്യയിലെ ഭീഷ്മരെ പോലെയാണ് ഈ സർക്കാരെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം

MediaOne Logo

റിഷാദ് അലി

  • Updated:

    2026-01-29 05:50:00.0

Published:

29 Jan 2026 11:18 AM IST

ഞങ്ങളെ ആക്ഷേപിക്കാന്‍ വേണ്ടി ചെന്നിത്തല ഭീഷ്മരെ അപമാനിച്ചത് മോശമായിപ്പോയി: മുഖ്യമന്ത്രി പിണറായി വിജയന്‍
X

തിരുവനന്തപുരം: മരണം കാത്തുകിടക്കുന്ന ഭീഷ്മരെപ്പോലെയാണ് ഈ സര്‍ക്കാരെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിൽ ഗവർണറുടെ നന്ദിപ്രമേയ ചർച്ചയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

ചെന്നിത്തല എന്തിനാണ് ഭീഷ്മരെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് ഇതിന് മറുപടിയായി മുഖ്യമന്ത്രി ചോദിച്ചു. മഹാഭാരതത്തിലെ ശക്തനായ കഥാപാത്രമാണ് ഭീഷ്മര്‍. ശത്രുക്കളാണെങ്കിലും അവരൊക്കെ തമ്മിൽ കാണിക്കുന്ന ഒരു മര്യാദയുണ്ട്. ഞങ്ങളെ ആക്ഷേപിക്കാന്‍ വേണ്ടി അദ്ദേഹത്തെ അപമാനിച്ചത് മോശമായിപ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാഭാരത കഥയും മുഖ്യമന്ത്രി ഉദ്ധരിച്ചു.

'ചെന്നിത്തല എന്തിനാണ് ഭീഷ്മരെ അപമാനിക്കാന്‍ ശ്രമിച്ചത്? ഭീഷ്മരെന്ന് പറയുന്നത് മഹാഭാരത്തിലെ ശക്തനായ കഥാപാത്രമാണ്. എന്തിനാണ് അദ്ദേഹം നിസാഹായാവസ്ഥയിൽ കടന്നുപോയെന്ന് തോന്നുന്ന രൂപത്തിൽ പറഞ്ഞത്. ചെന്നിത്തലക്ക് മഹാഭാരതം അറിയില്ല എന്നൊന്നും ഞാൻ പറയില്ല. തന്റെ ആവശ്യത്തിന് വേണ്ടി അൽപമൊന്ന് വളച്ചൊടിച്ചതാണെന്നാണ് തോന്നുന്നത്. ചാകാത്ത നാളല്ല ഞാനും പിറന്നത് എന്ന് പറഞ്ഞ ഭീഷ്മരെ രമേശ് ചെന്നിത്തല വായിച്ചിട്ടുണ്ടാകുമല്ലോ- പിണറായി വിജയൻ പറഞ്ഞു.

ഏതൊക്കെ തരത്തിലുളള പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും അതൊന്നുംകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും ഇവിടെ നടപ്പാവില്ല എന്ന് കരുതിയ ഒരുപാട് കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യാത്ര തുടരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുരുക്ഷേത്ര യുദ്ധത്തിൽ മരണം കാത്ത് കിടക്കുന്ന ശരശയ്യയിലെ ഭീഷ്മരെ പോലെയാണ് ഈ സർക്കാരെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ഉത്തരായനത്തിൽ എത്തിയാൽ മരണം സംഭവിക്കുമെന്നത് യാഥാർത്ഥ്യമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പോടെ ഈ സർക്കാരിന്റെ അന്ത്യംകുറിക്കും എന്നതാണ് സത്യമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു.

TAGS :

Next Story