Quantcast

ഞാൻ പറഞ്ഞത് ഉപമ, മലയാള നിഘണ്ടുവിന് എന്തെല്ലാം വാക്കുകൾ സംഭാവന ചെയ്തയാളാണ് പിണറായി- കെ. സുധാകരന്‍

''പിണറായി വിജയനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. അദ്ദേഹം മലയാള നിഘണ്ടുവിന് എന്തെല്ലാം പുതിയ വാക്കുകള്‍ സംഭാവന ചെയ്തിട്ടുണ്ട്. കുലംകുത്തി, നികൃഷ്ടജീവി, പരനാറി എന്നിവയെല്ലാം മലയാള സാഹിത്യത്തിനുള്ള പിണറായിയുടെ സംഭാവനയാണ്.''

MediaOne Logo

Web Desk

  • Published:

    17 May 2022 4:45 PM GMT

ഞാൻ പറഞ്ഞത് ഉപമ, മലയാള നിഘണ്ടുവിന് എന്തെല്ലാം വാക്കുകൾ സംഭാവന ചെയ്തയാളാണ് പിണറായി- കെ. സുധാകരന്‍
X

കൊച്ചി: മുഖ്യമന്ത്രിയെ താൻ അവഹേളിച്ചിട്ടില്ലെന്നും മലബാറിലെ ഒരു പ്രാദേശിക പ്രയോഗം മാത്രമായിരുന്നു താൻ നടത്തിയതെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളോട് ബാധ്യതപ്പെട്ട ഒരു മുഖ്യമന്ത്രി സംസ്ഥാനത്ത് ഇത്രയും വലിയ പണം കടം നിൽക്കുമ്പോൾ, എടുത്തു ചെലവഴിക്കാൻ ദൈനംദിന ചെലവിനു പോലും കാശില്ലാതെ ഉദ്യോഗസ്ഥർ നട്ടംതിരിയുമ്പോൾ ഇവിടെ മുഖ്യമന്ത്രി സർക്കാരിന്റെ ചെലവിൽ ഇവിടെ കൂടുന്നതും യാത്ര ചെയ്യുന്നതും നാടിനോട് ചെയ്യുന്ന കടുത്ത അനീതിയാണ്. യാത്രയെക്കുറിച്ചാണ് പറഞ്ഞത്. ഞാൻ എന്നെക്കുറിച്ച് പറയാറുണ്ട്. ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ഓടുകയാണെന്ന്. അത്ര തിരക്കിലാണെന്നാണ് അർത്ഥം. അതൊരു ഉപമയാണ്. അല്ലാതെ ഞാൻ പട്ടിയാണെന്നല്ല. അത് മലബാറിലുള്ള പ്രാദേശികമായൊരു ഉപമയാണെന്നും സുധാകരൻ വ്യക്തമാക്കി.

''പിണറായി വിജയനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. അദ്ദേഹം മലയാള നിഘണ്ടുവിന് എന്തെല്ലാം പുതിയ ഭാഷ സംഭാവന ചെയ്തിട്ടുണ്ട്. കുലംകുത്തി, നികൃഷ്ടജീവി, പരനാറി എന്നിവയെല്ലാം മലയാള സാഹിത്യത്തിനുള്ള പിണറായിയുടെ സംഭാവനയാണ്. അതുകൊടുത്ത അദ്ദേഹം പട്ടിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ അതു പിൻവലിക്കുന്നു. അതിൽ ക്ഷമചോദിക്കാം. ഒരു വാക്കിലും ഞാൻ അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിൽ ഉപയോഗിച്ചിട്ടില്ല.''

എന്നെ അറസ്റ്റ് ചെയ്യാൻ ഇത് വെള്ളരിക്കാപട്ടണമല്ല. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞാൽ രാജ്യത്തെ ജനങ്ങളെ മുഴുവൻ അറസ്റ്റ് ചെയ്യാൻ ഇത് പാർട്ടി കോടതിയല്ല. ഇത് പാർട്ടിയുടേതല്ല. ജനാധിപത്യ രാജ്യമാണ്. ഇവിടെ നിയമവും നിയമസംവിധാനവുമുണ്ട്. അതനുസരിച്ചേ എന്തും ചെയ്യാൻ പറ്റൂ. ഇത് കേട്ട് എന്നെ അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ. അത് ഞാൻ നേരിട്ടോളാം-സുധാകരൻ കൂട്ടിച്ചേർത്തു.

ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ചു വന്ന നായയെപ്പോലെ മുഖ്യമന്ത്രി ഇറങ്ങിനടക്കുകയാണെന്നായിരുന്നു കെ. സുധാകരൻറെ വിവാദ പരാമർശം. സുധാകരന്റെ പ്രസ്താവന സംസ്‌കാരശൂന്യമായ നടപടിയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ നീചമായ വാക്കുകൊണ്ട് ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. കെ.പി.സി.സി പ്രസിഡന്റിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഇടതുപക്ഷ മുന്നേറ്റം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചെന്നും ഇത്തരം പരാമർശങ്ങൾ സമാധാനപരമായി നടക്കുന്ന തെരഞ്ഞെടുപ്പിനെ വഷളാക്കാനുള്ള ശ്രമമാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു. മുഖ്യമന്ത്രിയെ നീചമായി അധിക്ഷേപിച്ചതിൽ അണികൾ വികാരംകൊള്ളരുതെന്നും അതേ ഭാഷയിൽ പ്രതികരിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

Summary: I have not insulted the Chief Minister Pinarayi Vijayan. It was only a colloquial word, that is common in usage in Malabar, says K. Sudhakaran

TAGS :

Next Story