Quantcast

'വെട്ടിമാറ്റിയാൽ ചരിത്രം തിരസ്‌കരിക്കാനാവില്ല, എൻ.സി.ഇ.ആർ.ടിയുടെ ലക്ഷ്യം പരിപൂര്‍ണ കാവിവത്കരണം'; മുഖ്യമന്ത്രി

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ പാഠപുസ്തകങ്ങൾ വഴി കുരുന്നുമനസ്സുകളിലേക്ക് ഒളിച്ചുകടത്താനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

MediaOne Logo

Web Desk

  • Published:

    7 April 2023 7:15 AM GMT

Chief Minister Pinarayi Vijayan,Chief Minister Pinarayi Vijayan on from NCERT History textbook deletions,  എൻസിഇആർടി പുസ്തകങ്ങളിൽ നിന്നുംപാഠഭാഗങ്ങൾ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ,പിണറായി വിജയൻ,latest malayalam news
X

തിരുവനന്തപുരം: എൻസിഇആർടി പുസ്തകങ്ങളിൽ നിന്നുംപാഠഭാഗങ്ങൾ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഹിതകരമായത് വെട്ടി മാറ്റിയത് കൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല. എൻസിഇആർടി പരിപൂർണമായ കാവിവൽക്കരണമാണ് ഉദ്ദേശിക്കുന്നത്. സംഘപരിവാർ നിർമ്മിത വ്യാജ ചരിത്രത്തെ എൻസിഇആർടി വെള്ള പൂശുന്നെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ പാഠപുസ്തകങ്ങൾ വഴി കുരുന്നുമനസ്സുകളിലേക്ക് ഒളിച്ചുകടത്താനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും രാഷ്ട്രീയ ലാക്കോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണ്. പാഠപുസ്തകങ്ങളിൽ നിന്നും തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല. പാഠപുസ്തകങ്ങളുടെ പരിപൂർണമായ കാവിവൽക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്.

പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്.

ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെയും പറിച്ചു മാറ്റിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂർണ്ണമാണ്.

മധ്യകാല ഇന്ത്യൻ ചരിത്രം എക്കാലത്തും സംഘപരിവാർ വളച്ചൊടിക്കലുകളുടെ മേഖലയാണ്. ഈ പാഠഭാഗം ഒഴിവാക്കുക വഴി സംഘപരിവാർ നിർമ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുക കൂടിയാണ് എൻസിഇആർടി ചെയ്യുന്നത്.

ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ പാഠപുസ്തകങ്ങൾ വഴി കുരുന്നുമനസ്സുകളിലേക്ക് ഒളിച്ചുകടത്താനാണ് സംഘപരിവാർ ചരിത്രത്തിന്റെ കാവി വൽക്കരണത്തിലൂടെ ശ്രമിക്കുന്നത്. ആർഎസ്എസിന്റെ വികലമായ ചരിത്ര രചനാ രീതിശാസ്ത്രത്തിന് അനുകൂലമായ നിലപാടുകളാണ് എൻസിഇആർടി കൈക്കൊള്ളുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.


TAGS :

Next Story