‘കാലാവസ്ഥ പ്രതികൂലമായതിനാൽ ഇടത് സ്ഥാനാർഥിക്കുള്ള തെരച്ചിൽ ഇന്നത്തേക്ക് നിർത്തി നാളെയും കിട്ടിയില്ലെങ്കിൽ മറ്റെന്നാളും തുടരും’; പി.കെ അബ്ദുറബ്ബ്
അധികം വൈകാതെ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിലമ്പൂരിൽ ഇടത് മുന്നണിസ്ഥാനാർഥിയാരെന്ന് തീരുമാനാകാത്തതിനെ പരിഹസിച്ച് മുസ്‍ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്. കാലാവസ്ഥ പ്രതികൂലമായതിനാൽ നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നത്തേക്ക് നിർത്തി.
തെരച്ചിൽ നാളെ വീണ്ടും തുടരും. നാളെയും കിട്ടിയില്ലെങ്കിൽ തെരച്ചിൽ മറ്റെന്നാളും തുടരുമെന്നാണറിയുന്നതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ പരിഹാസം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിക്കുകയും പ്രചാരണങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
പ്രാഥമിക സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ സിപിഎം ഇന്നലെ നിലമ്പൂരിൽ മണ്ഡലം കമ്മിറ്റി യോഗം ചേർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. പൊതുസ്വതന്ത്രനെ പരിഗണിക്കണം എന്നാണ് ഇതുവരെയുള്ള പാർട്ടി നിലപാട്. യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, എം തോമസ് മാത്യു എന്നിവരുടെ പേര് ചർച്ചയിലുണ്ട്.
പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ എം.സ്വരാജിന്റെ പേരിനാകും പ്രഥമ പരിഗണന. ഡിവൈഎഫ്ഐ ജില്ലാപ്രസിഡൻറ് പി. ഷബീറിന്‍റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. യുഡിഎഫിന് സ്ഥാനാർഥിയായ സാഹചര്യത്തിൽ അധികം വൈകാതെ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
പി.കെ അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ പൂർണരൂപം
കാലാവസ്ഥ പ്രതികൂലമായതിനാൽ നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നത്തേക്ക് നിർത്തി; തെരച്ചിൽ നാളെ വീണ്ടും തുടരും... നാളെയും കിട്ടിയില്ലെങ്കിൽ തെരച്ചിൽ മറ്റന്നാളും തുടരുമെന്നാണറിയുന്നത്.
Adjust Story Font
16

