Quantcast

'പി. രാജീവിനും എം. സ്വരാജിനും അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു'; വിമർശനവുമായി പി.കെ ഫിറോസ്

''സ്ഥാനാർത്ഥിയെ കൊണ്ട് വേഷം കെട്ടിച്ച് അരികിലിരുന്ന് ഒരു ഉളുപ്പുമില്ലാതെ നിന്നുചിരിച്ചു. ജാതി-മത-വർഗീയ കോമരങ്ങളുടെ ആസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ എഴുന്നള്ളിച്ചു. ട്വന്റി-ട്വന്റിയുടെയും ആം ആദ്മിയുടെയും വോട്ട് വേണമെന്ന് ആവശ്യപ്പെട്ടു''

MediaOne Logo

Web Desk

  • Published:

    4 Jun 2022 10:58 AM GMT

പി. രാജീവിനും എം. സ്വരാജിനും അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു; വിമർശനവുമായി പി.കെ ഫിറോസ്
X

കോഴിക്കോട്: സി.പി.എമ്മിലെ കണ്ണൂർ ലോബിയെപ്പോലെ മനുഷ്യത്വരഹിത സമീപനമുള്ളവരോ വോട്ടിന് വേണ്ടി മതനിരപേക്ഷ മൂല്യങ്ങൾ കുഴിച്ചുമൂടുന്നവരോ അല്ല പാർട്ടിയുടെ രണ്ടാംനിരയിലുള്ളതെന്ന പ്രചാരണം കൂടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പൊളിച്ചതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഇതോടൊപ്പം നല്ലൊരു പാക്കേജ് കിട്ടിയാൽ ജനം ടി.വിയിലേക്കോ ജന്മഭൂമിയിലേക്കോ മാറുന്നതുപോലെ രാഷ്ട്രീയവും ഒരു പാക്കേജായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാധ്യമപ്രവർത്തകരെയും തുറന്നുകാട്ടേണ്ടതുണ്ട്. രാഷ്ട്രീയം മലീമസമാക്കുന്ന ഈ രണ്ടുകൂട്ടരുടെയും മുഖംമൂടി വലിച്ചുകീറുന്നത് കൂടിയാകണം തെരഞ്ഞെടുപ്പാനന്തര ചർച്ചകളെന്നും ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലായിരുന്നു ഫിറോസിന്റെ വിലയിരുത്തൽ. പി. രാജീവും എം. സ്വരാജും അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലാത്ത വെറും സി.പി.എമ്മുകാരാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നുവെന്ന് ഫിറോസ് വിമർശിച്ചു. ആദ്യം പാർട്ടി കണ്ടെത്തിയ സ്ഥാനാർത്ഥിയെ മാറ്റി മണ്ഡലത്തിലെ പ്രബല സമുദായത്തെ സ്വാധീനിക്കാൻ ശ്രമം നടത്തി. പിന്നീട് സ്ഥാനാർത്ഥിയെ കൊണ്ട് വേഷം കെട്ടിച്ച് അരികിലിരുന്ന് ഒരു ഉളുപ്പുമില്ലാതെ നിന്നുചിരിച്ചു. ജാതി-മത-വർഗീയ കോമരങ്ങളുടെ ആസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ എഴുന്നള്ളിച്ചു. ട്വന്റി-ട്വന്റിയുടെയും ആം ആദ്മിയുടെയും വോട്ട് വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ പി.ഡി.പിയുടെ പിന്തുണ പോലും പരസ്യമായി തേടിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തൃക്കാക്കരയിൽ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയത്തോടൊപ്പം ചർച്ച ചെയ്യേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സി.പി.എമ്മിലെ കണ്ണൂർ ലോബിയെ പോലെ മനുഷ്യത്വരഹിത സമീപനമുള്ളവരോ വോട്ടിന് വേണ്ടി മതനിരപേക്ഷ മൂല്യങ്ങളെ കുഴിച്ചുമൂടുന്നവരോ അല്ല പാർട്ടിയുടെ രണ്ടാം നിരയിലുള്ളത് എന്ന പ്രചാരണമായിരുന്നു. അത്തരം നേതാക്കളുടെ ശ്രേണിയിൽ മുകളിലുള്ളവരായിട്ടാണ് പി. രാജീവിനെയും എം. സ്വരാജിനെയും എണ്ണിയിരുന്നത്.

എന്നാൽ, തൃക്കാക്കരയിൽ നാലു വോട്ടിന് വേണ്ടി കണ്ണൂർ ലോബിയെക്കാൾ തരംതാഴാൻ തയ്യാറാണ് എന്ന് തെളിയിക്കാനുള്ള വെപ്രാളത്തിലായിരുന്നു ഈ രണ്ടുപേരും. ആദ്യം പാർട്ടി കണ്ടെത്തിയ സ്ഥാനാർത്ഥിയെ മാറ്റി മണ്ഡലത്തിലെ പ്രബല സമുദായത്തെ സ്വാധീനിക്കാൻ ശ്രമം നടത്തി. പിന്നീട് സ്ഥാനാർത്ഥിയെ കൊണ്ട് വേഷം കെട്ടിച്ച് അരികിലിരുന്ന് ഒരു ഉളുപ്പുമില്ലാതെ നിന്നുചിരിച്ചു. ജാതി-മത-വർഗീയ കോമരങ്ങളുടെ ആസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ എഴുന്നള്ളിച്ചു. ട്വന്റി-ട്വന്റിയുടെയും ആം ആദ്മിയുടെയും വോട്ട് വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ പി.ഡി.പിയുടെ പിന്തുണ പോലും പരസ്യമായി തേടി. പി. രാജീവും എം. സ്വരാജും അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലാത്ത വെറും സി.പി.എമ്മുകാരാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു.

രണ്ടാമത്തെ കൂട്ടർ ചില മാധ്യമ പ്രവർത്തകരാണ്. മാധ്യമങ്ങൾ ഭരണകൂടത്തെ ശക്തമായി വിമർശിക്കേണ്ടവരാണ്. മാധ്യമങ്ങൾ കൂടി ഉപജാപക സംഘമായാൽ തോന്നിയ രീതിയിൽ ഭരണം മുന്നോട്ടുപോകുമെന്ന് വരുമെന്നത് കൊണ്ടാണിത്. ദേശീയതലത്തിൽ ഇപ്പോൾ മോദിഭക്തരായ ഗോദി മീഡിയയാണ് ബഹുഭൂരിഭാഗവും. കേരളത്തിലും കാര്യങ്ങളുടെ പോക്ക് സമാനമാണ്.

വി.എസ് ഭരിക്കുമ്പോഴാണ് മാധ്യമങ്ങൾ ഭരണാധികാരിയുടെ കൂടെ നിന്നിരുന്നത്. അന്നതിന് കാരണം പിണറായി പിൻസീറ്റിൽ ഭരണം നടത്തുകയും വി.എസ് റിബലായി നിൽക്കുകയും ചെയ്തപ്പോഴാണ്. പിണറായി അന്നതിനെ മാധ്യമ സിണ്ടിക്കേറ്റ് എന്ന് വിളിച്ചാക്ഷേപിച്ചിരുന്നു. 2016ൽ വീണയ്ക്കും നികേഷിനും പിണറായി സീറ്റ് നൽകിയതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. ഒരു മാധ്യമ സ്ഥാപനത്തിൽനിന്ന് മറ്റൊന്നിലേക്ക് ആകർഷകമായ പാക്കേജ് നോക്കി കളംമാറുന്നവർക്ക് രാഷ്ട്രീയവും ഒരു ഓപ്ഷനായി.

അത്യാവശ്യം എഴുതാനറിയുന്ന മാധ്യമപ്രവർത്തകരിൽ പലരും പിണറായി വാഴ്ത്തുപാട്ടുകൾ സോഷ്യൽ മീഡിയയിൽ എഴുതിത്തുടങ്ങി. പോരാളി ഷാജിയെ പോലും നാണിപ്പിക്കുന്ന തരത്തിൽ പാർട്ടിയുടെ തെറ്റുകളെ ന്യായീകരിച്ചു. പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി വോട്ടുചോദിച്ചു.

നല്ലൊരു പാക്കേജ് കിട്ടിയാൽ ജനം ടി.വിയിലേക്കോ ജന്മഭൂമിയിലേക്കോ മാറുന്നതുപോലെ രാഷ്ട്രീയവും ഒരു പാക്കേജായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തരക്കാരെയും തുറന്നുകാട്ടേണ്ടതുണ്ട്. രാഷ്ട്രീയം മലീമസമാക്കുന്ന ഈ രണ്ടുകൂട്ടരുടെയും മുഖംമൂടി വലിച്ചുകീറുന്നത് കൂടിയാകണം തെരഞ്ഞെടുപ്പാനന്തര ചർച്ചകൾ.

Summary: Muslim Youth League Kerala state general secretary PK Firos on M Swaraj and P Rajeev after Thrikkakkara bypoll result

TAGS :

Next Story