'വസ്തുതാ വിരുദ്ധം'; സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പിണറായി വിലക്കിയെന്ന വാർത്ത തള്ളി പി.കെ ശ്രീമതി
സംസ്ഥാന സമിതി യോഗത്തിൽ പി.കെ ശ്രീമതി പങ്കെടുത്തിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന വാർത്ത തള്ളി പി.കെ ശ്രീമതി. വാർത്ത വസ്തുതാ വിരുദ്ധമെന്ന് ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ശ്രീമതിയെ അനുവദിച്ചില്ലെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. കേന്ദ്ര കമ്മിറ്റി ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇളവ് ഒന്നും നൽകിയിട്ടില്ലെന്ന് ശ്രീമതിയോട് പിണറായി അറിയിച്ചെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ചാണ് ശ്രീമതി രംഗത്തെത്തിയത്.
ഈ മാസം 19 ആം തീയതി തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി പി.കെ ശ്രീമതിക്കെതിരായ നിലപാട് സ്വീകരിച്ചത്. യോഗത്തിൽ പങ്കെടുക്കാൻ പി.കെ ശ്രീമതി എത്തിയപ്പോൾ തന്നെ കേരളത്തിൽ നിങ്ങൾക്ക് ഒരു ഇളവും നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയും ജനറൽ സെക്രട്ടറിയും ഇതേക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് പി.കെ ശ്രീമതി വിശദീകരിച്ചെങ്കിലും മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചു.
പാർട്ടി കോൺഗ്രസ് കേന്ദ്ര കമ്മറ്റിയിലെക്ക് ഇളവ് നൽകിയത് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എന്ന നിലയിലാണ്. അത് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട മേഖലയാണ്. സംസ്ഥാനത്ത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അതുകൊണ്ടുതന്നെ പി.കെ ശ്രീമതി പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ.
കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയുടെ പേരിൽ പി.കെ ശ്രീമതി അടക്കമുള്ളവരെ ഒഴിവാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ശ്രീമതി പങ്കെടുത്തില്ലെങ്കിലും ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് എത്തിയിരുന്നു.
ഇന്നലെ നടന്ന സംസ്ഥാന സമിതി യോഗത്തിൽ പി.കെ ശ്രീമതി പങ്കെടുത്തിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

