Quantcast

'മസ്തിഷ്‌കത്തിന് പകരം പേറുന്നത് മനുസ്മൃതിയെങ്കിൽ, മിസ്റ്റർ ചാൻസലർ, അങ്ങയെ തെരുവിൽ ഭരണഘടന പഠിപ്പിക്കും'; ആർഷോ

ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് ഐ.പി.സി 124 വകുപ്പ് ചുമത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    12 Dec 2023 10:00 AM GMT

SFI protest governor , Kerala governor SFI, PM  Arsho against governor , governor SFI issue,latest malayalam news
X

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വെല്ലുവിളിയുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എം ആർഷോ. 'മസ്തിഷ്‌കത്തിന് പകരം പേറുന്നത് മനുസ്മൃതിയെങ്കിൽ തെരുവിൽ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

'മസ്തിഷ്കത്തിന് പകരം പേറുന്നത് മനുസ്‌മൃതിയെങ്കിൽ!

മിസ്റ്റർ ചാൻസലർ,

അങ്ങയെ ഞങ്ങൾ തെരുവിൽ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യും'

ഗവർണർക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ആർഷോ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗവർണർ സർവകലാശാലകളിൽ ഏകപക്ഷീയമായി നോമിനേറ്റ് ചെയ്യുന്നുവെന്നും ആർഷോ ആരോപിച്ചിരുന്നു. യോഗ്യതകളെ മറികടന്നാണ് എ.ബി.വി.പി പ്രവർത്തകരെ ചാൻസിലർ സെനറ്റിലേക്ക് നിർദേശിച്ചതെന്നും ആർഷോ പറഞ്ഞു. വഴിയരികിൽ നിന്നാണ് കരിങ്കൊടി കാണിച്ചതെന്നും ഗവർണറാണ് പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങി എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തതെന്നും ആർഷോ ആരോപിച്ചിരുന്നു.

അതിനിടെ തിരുവനന്തപുരത്ത് ഗവർണറെ തടഞ്ഞുപ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ പൊലീസ് ചുമത്തി . ഐ.പി.സി 124 ആണ് പുതുതായി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവർണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്. ഏഴ് പ്രവർത്തകർക്കെതിരെയാണ് പുതിയ വകുപ്പ് ചുമത്തിയത്. ഈ വകുപ്പ് ചേർത്ത റിപ്പോർട്ട് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കോടതിയിൽ സമർപ്പിക്കും. കേരളാ സർവകലാശാലയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിലാണ് നടപടി.

നേരത്തെ കലാപാഹ്വാന കുറ്റത്തിന് 13 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. വഞ്ചിയൂർ പൊലീസ് ആറുപേർക്കെതിരെയാണ് കലാപാഹ്വാനക്കുറ്റം ചുമത്തിയത്. കന്റോൺമെന്റ് പൊലീസ് ഏഴുപേർക്കെതിരെയുമാണ് ഇതേ കുറ്റത്തിന് കേസെടുത്തത്. ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ച സംഭവത്തിൽ ആകെ 28 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.


TAGS :

Next Story