പിഎം ശ്രീ പദ്ധതി: നിർണായക മന്ത്രിസഭാ യോഗം ഇന്ന്; എതിർപ്പ് അറിയിക്കാൻ സിപിഐ മന്ത്രിമാർ
പദ്ധതിയെ എതിർത്ത് CPI ദേശീയ നേതൃത്വവും രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള സർക്കാർ തീരുമാനത്തിനിടെ നിർണായക മന്ത്രി സഭാ യോഗം ഇന്ന്. സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തും. പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്ന പാർട്ടി നിലപാട് മന്ത്രിസഭാ യോഗത്തിൽ അറിയിക്കാനാണ് നേതൃത്വത്തിൻ്റെ നിർദ്ദേശം. ഇന്ന് ആരംഭിക്കുന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളും വിഷയംചർച്ച ചെയ്യും.
വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ എങ്ങനെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കാൻ കഴിയുക എന്ന് പരിശോധിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. സിപിഐ വിമർശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുമെന്ന് എൽഎഡിഎഫ് കൺവീനറും വ്യക്തമാക്കിയതാണ്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയാലും ദേശീയ വിദ്യാഭ്യാസനയം കേരളം അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞിരുന്നു. എൻഇപിയിൽ സംസ്ഥാനത്തിനു ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും പിഎം ശ്രീ പദ്ധതി നടപ്പിലാക്കുകയെന്നും എം.എ ബേബി പറഞ്ഞു.
പദ്ധതിയെ എതിർത്ത് CPI ദേശീയ നേതൃത്വവും രംഗത്തെത്തിയിരുന്നു. പുത്തൻ വിദ്യാഭ്യാസ നയം ഫെഡറൽ സംവിധാനത്തെ തകർക്കുന്നതെന്ന് CPI ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ മീഡിയവണിനോട് പറഞ്ഞു. 'ജനാധിപത്യത്തെ തകർക്കുന്ന ഏതു നീക്കത്തെയും നഖശികാന്തം എതിർക്കേണ്ടതാണ്. സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൽ രണ്ട് തരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടും. പിഎം ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന് നഷ്ടമാകും. അങ്ങനെ വന്നാൽ ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ച് ആത്മഹത്യാപരമാകുമെന്ന് ലേഖനത്തിൽ പറയുന്നു..' ആനി രാജ പറഞ്ഞു.
സർക്കാർ തീരുമാനത്തിനെതിരെ സിപിഐ മുഖപത്രത്തില്‍ ലേഖനം. സർക്കാരിന്റെ നയ വ്യതിയാനം ആത്മഹത്യാപരമെന്ന് ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു. ആർഎസ്എസ് തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാട് ബലികഴിക്കരുത്.അർഹമായത് കിട്ടാത്തതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയും വേണം.പദ്ധതി നടപ്പാക്കിയാൽ കേരളത്തിൽ രണ്ടുതരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
Adjust Story Font
16

