പിഎം ശ്രീ പദ്ധതി; സ്കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ല
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ തടഞ്ഞ് വച്ച വിഹിതങ്ങൾ നൽകാമെന്നായിരുന്നു കേന്ദ്ര നിലപാട്

Photo| Facebook
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കായുള്ള സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കേന്ദ്രത്തിന് പ്രൊപ്പോസൽ സമർപ്പിച്ചത് എസ്എസ്കെ ഫണ്ടിനായി മാത്രമാണ്. പിഎം ശ്രീ യിൽ ഒപ്പുവച്ചാൽ എസ്എസ്കെ വിഹിതം നൽകാമെന്നായിരുന്നു കേന്ദ്രം ഉറപ്പു നൽകിയത്. മീഡിയവൺ വാർത്ത മന്ത്രി വി.ശിവൻകുട്ടി സ്ഥിരീകരിച്ചു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചെങ്കിലും മറ്റ് നടപടികളിലേക്ക് കടക്കേണ്ടെന്ന തീരുമാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. കേന്ദ്രത്തിന് സമർപ്പിക്കേണ്ട സ്കൂളുകളുടെ പട്ടികയോ പ്രൊപ്പോസലോ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കില്ല. പകരം കഴിഞ്ഞ രണ്ടു വർഷമായി തടഞ്ഞുവെച്ച എസ് എസ് കെ വിഹിതം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് വീണ്ടും പ്രൊപ്പോസൽ സമർപ്പിച്ചു. 971 കോടി രൂപ ആവശ്യപ്പെട്ടാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രൊപ്പോസൽ നൽകിയത്.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ തടഞ്ഞ് വച്ച വിഹിതങ്ങൾ നൽകാമെന്നായിരുന്നു കേന്ദ്ര നിലപാടറിയിച്ചത്. എം ഒ യു ഒപ്പിട്ടതിന് തൊട്ടു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പിഎം ശ്രീയിൽ ലഭിക്കുന്ന തുകക്കപ്പുറം മറ്റ് വിഹിതങ്ങൾ നേടിയെടുക്കാൻ ആണ് സർക്കാർ നീക്കം.
അതേസമയം കേരളം പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളത്തിനായി പ്രൊപ്പോസലുകൾ ക്ഷണിച്ചുകൊണ്ടുള്ള പോർട്ടൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടൻ തുറക്കും. 2027 മാർച്ചിൽ ആണ് നിലവിലെ പിഎം ശ്രീ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനം ആവശ്യപ്പെട്ട തുക അനുവദിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
Adjust Story Font
16

