പിഎം ശ്രീ; സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎസ്എഫും ഫ്രറ്റേണിറ്റിയും. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
തിങ്കളാഴ്ച ചേർന്ന പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം എടുത്തത്. പിഎം ശ്രീ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണുയരുന്നത്. സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ തന്നെ നിലപാടിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് യുഡിഎസ്എഫ് സമരവുമായി മുന്നോട്ട് പോകുന്നത്.
സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനാണ് സിപിഐ തീരുമാനം. ഇന്ന് നടന്ന സിപിഐ അവൈലബിൽ സെക്രട്ടറിയേറ്റ് യോഗത്തിലും ഇതേ തീരുമാനമാണുണ്ടായത്. തെരഞ്ഞെടുപ്പടുത്തിരിക്കെ മുന്നണിയിലുണ്ടായ വിള്ളൽ തിരിച്ചടിയിലാകുമെന്ന ആശങ്കയിലാണ് ഘടകകക്ഷികൾ.
Adjust Story Font
16

