Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടത് സീരിയസ് ആയി-പി.എം.എ സലാം

''സീരിയസ് അല്ലാത്തതൊന്നും ലീഗ് പറയാറില്ല. ഏത് സീറ്റ് എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ലീഗിന് മലബാറും തെക്കൻ കേരളവും ഒരുപോലെ.''

MediaOne Logo

Web Desk

  • Updated:

    2024-02-02 15:29:37.0

Published:

2 Feb 2024 1:42 PM GMT

PMA Salam demands election date change
X

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനോട് മുസ്‍ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടത് ഗൗരവത്തോടെയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഏത് സീറ്റാണെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ലീഗിന്റെ സിറ്റിങ് എം.പിമാർ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.

സീരിയസ് അല്ലാത്തതൊന്നും ലീഗ് പറയാറില്ല. ഏത് സീറ്റ് എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അഞ്ചാം തിയതിയിലെ യോഗത്തിൽ മാത്രമേ ഇതിൽ തീരുമാനമാകൂ. 20 സീറ്റിൽ മൂന്നോ നാലോ മാത്രമേ ലീഗ് ചോദിക്കുന്നുള്ളൂ. ലീഗിന് മലബാറും തെക്കൻ കേരളവും ഒരുപോലെ തന്നെയാണെന്നും സലാം പറഞ്ഞു. ലീഗിന്റെ സിറ്റിങ് എം.പിമാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഗ്യാൻവാപി വിഷയത്തിൽ ലീഗ് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ അസ്വാഭാവികതയില്ലെന്നും സലാം പറഞ്ഞു. പരിപാടി സംഘടിപ്പിച്ചത് ലീഗാണ്. ഇത്തരം വിഷയത്തിൽ എല്ലാ മതേതര പാർട്ടികളും പ്രതിഷേധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളിൽ ലീഗിന്റെ വേഗം മറ്റ് മതേതര പാർട്ടികൾക്കില്ല. പല പരിപാടികളും ലീഗ് ഒറ്റയ്ക്കാണ് നടത്താറുള്ളത്. എല്ലാ പരിപാടിയിലും കോൺഗ്രസ് പങ്കെടുക്കാറില്ലെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.

ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കുമെന്ന് നേരത്തെ യു.ഡി.എഫ് കൺവീനർ എം.എം ഹസന്‍ അറിയിച്ചിരുന്നു. തൃശൂരിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും. അഞ്ചാം തിയതി വിഷയത്തില്‍ തീരുമാനമുണ്ടാകും. വിഷയത്തിനു സമവായത്തിലൂടെ പരിഹാരമുണ്ടാക്കുമെന്നും വിവാദമാകില്ലെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുസ്‍ലിം ലീഗ് അടക്കമുള്ള എല്ലാ ഘടകകക്ഷികളുമായും ഒരു തവണ ചർച്ച കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ചില കക്ഷികളുമായുള്ള ചർച്ച പൂർത്തീകരിച്ചു. ലീഗുമായുള്ള പ്രാരംഭ ചർച്ചയിൽ അവരുടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാമെന്നും അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. അവരുടെ ആവശ്യം കെ.പി.സി.സി നേതൃത്വം മാത്രം ചർച്ച ചെയ്താൽ തീരുന്നതല്ല. അക്കാര്യം ദേശീയ നേതൃത്വവുമായും ആലോചിക്കണം. നാലാം തിയതി എ.ഐ.സി.സി അധ്യക്ഷനും ജനറൽ സെക്രട്ടറിയുമെല്ലാം തൃശൂരിൽ വരുന്നുണ്ട്. അന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചേരും. അതിൽ ചർച്ച നടത്തിയ ശേഷം അഞ്ചിന് യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗത്തിൽ തീരുമാനമെടുക്കുമെന്നും ഹസന്‍ അറിയിച്ചു.

നേരത്തെ, ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും നിലപാട് കടുപ്പിച്ചിരുന്നു. എല്ലാ സമയത്തെയും പോലെയല്ല ഇത്തവണ സീറ്റ് ആവശ്യപ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സാദിഖലി തങ്ങൾ വിദേശത്തുനിന്ന് മടങ്ങിയെത്തിയാല്‍ പാർട്ടി യോഗം ചേർന്ന് ചർച്ച നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ലീഗിന് സീറ്റില്ലെന്ന വാർത്ത ശരിയല്ല. മൂന്നാം സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമാണ്. അതില്‍ ഒരു തീരുമാനവും ആയിട്ടില്ല. എല്ലാ സമയത്തെയും പോലെയല്ല, ഇത്തവണ സീറ്റ് വേണം'-കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് സമയം ഇനിയുമുണ്ട്. ബാക്കി ചർച്ചകൾ വരുംദിവസങ്ങളിൽ നടക്കും. സീറ്റിന് അർഹതയുമുണ്ട്. വേണമെങ്കിൽ സീറ്റ് തരാവുന്നതുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Summary: ''Muslim League had seriously demanded the third seat from the UDF in the Lok Sabha elections'': Says Kerala state general secretary PMA Salam

TAGS :

Next Story