മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശം: വെള്ളാപ്പള്ളിക്ക് ചികിത്സ നൽകണമെന്ന് പിഎംഎ സലാം
''ഞങ്ങൾ വെല്ലുവിളിക്കുന്നു, കുറച്ച് ദിവസം നിങ്ങൾ മലപ്പുറം ജില്ലയിൽ വന്ന് താമസിക്കണം. എന്നിട്ട് തനിക്കുണ്ടായ അനുഭവം തന്നെയാണോ പറഞ്ഞതെന്ന് വ്യക്തമാക്കണം''

കോഴിക്കോട്: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷം തുപ്പിയ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസംഗത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
ഒരു മറുപടിയും അർഹിക്കാത്ത ജൽപ്പനങ്ങളാണ് വെള്ളാപ്പള്ളിയുടെതെന്നും ഇതിനൊക്കെ ചികിത്സ നല്‍കണമെന്നും സലാം പറഞ്ഞു. മീഡിയവണിനോടാണ് സലാം ഇക്കാര്യം വ്യക്തമാക്കിയത്.
'' ഒരു മറുപടിയും അർഹിക്കാത്ത ജൽപ്പനങ്ങളാണ് സാധാരണ എല്ലായ്‌പ്പോഴും എന്നപോലെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ട്. അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും ഒക്കെ പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകണം എന്ന് മാത്രമെ പറയാനുള്ളൂ. അദ്ദേഹം പറഞ്ഞത് കേരളത്തിൽ അരിഭക്ഷണം കഴിക്കുന്ന ഒരാളും അംഗീകരിക്കില്ല''- സലാം പറഞ്ഞു.
'' ഞങ്ങൾ വെല്ലുവിളിക്കുന്നു, കുറച്ച് ദിവസം നിങ്ങൾ മലപ്പുറം ജില്ലയിൽ വന്ന് താമസിക്കണം. എന്നിട്ട് തനിക്കുണ്ടായ അനുഭവം തന്നെയാണോ പറഞ്ഞതെന്ന് വ്യക്തമാക്കണം. ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പരത്തുന്ന ഇത്തരം പ്രസ്താവനകൾ ജുഗുപ്‌സാവഹമാണ്. എന്തിന്റെ പേരിലായാലും പൊതുസമൂഹം ഒരിക്കലും ഇതൊന്നും അംഗീകരിക്കില്ല. തീരെ ബോധ്യം ഇല്ലാത്തത് കൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്''- പി.എം.എ സലാം വ്യക്തമാക്കി.
മലപ്പുറം പ്രത്യേക രാജ്യവും പ്രത്യേക ചില ആളുകളുടെ സംസ്ഥാനാവുമാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാൻ കഴിയില്ല എന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം. എസ്എന്‍ഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവൻഷനിലായിരുന്നു വിവാദ പ്രസംഗം.
Adjust Story Font
16

