'ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് പ്രവർത്തകരെ പൊലീസ് മർദിച്ചു': ആരോപണവുമായി എസ്.ഡി.പി.ഐ
'ഡി.വൈ.എസ്.പി ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തിയാണ് മര്‍ദിച്ചത്'

പൊലീസിനെതിരെ ഗുരുതരമായ ആരോപണവുമായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അഷ്‌റഫ് മൗലവി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
"ഇന്നലെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്ന് രണ്ടു പേരെ പൊലീസ് കൊണ്ടുപോയി. രാത്രി കൊണ്ടുപോയി ഫിറോസ് എന്ന 25കാരനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ഡി.വൈ.എസ്.പി ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തിയാണ് മര്‍ദിച്ചത്. അതിലൊരാള്‍ക്ക് മൂത്രം പോകാത്ത അവസ്ഥ വന്നു. മറ്റു ശാരീരിക പ്രശ്‌നങ്ങളും വന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ പറഞ്ഞത് പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്നാണ്. മാറ്റിനിര്‍ത്തി മര്‍ദിക്കുമ്പോള്‍ അവര്‍ പറയുന്നത് ജയ് ശ്രീറാം വിളിക്കാനാണ്. സനാതന ധര്‍മാധിഷ്ഠിത ഹൈന്ദവതയില്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ശ്രീരാമന്‍. ഇന്നു ശ്രീരാമന്‍റെ പേരു കേള്‍ക്കുമ്പോള്‍ കുറേയാളുകള്‍ ഭയപ്പെടേണ്ട സ്ഥിതിയാണ് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ശ്രീരാമന്‍റെ പേരു പറഞ്ഞ് കൊല വിളിക്കുന്നു. പൊലീസുകാര്‍ അതുവിളിക്കാന്‍ നിര്‍ബന്ധിക്കുന്നു"- അഷ്‌റഫ് മൗലവി പറഞ്ഞു.
ആലപ്പുഴയിലെ കൊലപാതകങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി കൂട്ടിച്ചേര്‍ത്തു. സംഘർഷത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ആർഎസ്എസിന്‍റെ ശ്രമം. പൊലീസിൽ ഒരു ആർഎസ്എസ് ഘടകമുണ്ട്. എസ്ഡിപിഐ ഒരിടത്തും കലാപമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"ആയുധപ്പുരകളാണ് കേരളത്തിന്‍റെ പല ഭാഗങ്ങളും. ആര്‍എസ്എസ് ശാഖകളെ കുറിച്ച് നമുക്കറിയാം. ഷാനിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പിടികൂടിയത് ആര്‍എസ്എസ് ശാഖയില്‍ നിന്നാണ്. സംഘപരിവാറിന്റെ അജണ്ടകൾ ഫലിക്കാതെ വന്നപ്പോഴാണ് കെ എസ് ഷാനെ കൊലപ്പെടുത്തിയത്. ഫാഷിസ്റ്റ് രാഷ്ട്രീയം തുറന്നു കാണിച്ചതിനാണ് ഷാനെ കൊന്നത്. സംഘർഷത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് ആർഎസ്എസിന്റെ ഇപ്പോഴത്തെ ശ്രമം"- അഷ്റഫ് മൗലവി പറഞ്ഞു.
Adjust Story Font
16

