Quantcast

നടുറോഡിലെ സംഘർഷം അറിയിച്ച യുവാവിന് പൊലീസ് മർദനം; ദൃശ്യങ്ങൾ പുറത്ത്

സാനിഷിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കൈവീശി അടിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിലുണ്ട്. സാനിഷിന്റെ തല പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇടിപ്പിച്ചതായും പരാതിയുണ്ട്.

MediaOne Logo

Web Desk

  • Published:

    11 Oct 2023 8:26 AM GMT

നടുറോഡിലെ സംഘർഷം അറിയിച്ച യുവാവിന് പൊലീസ് മർദനം; ദൃശ്യങ്ങൾ പുറത്ത്
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിലെ സംഘർഷം അറിയിച്ച ആൾക്ക് പോലീസിന്റെ മർദനമെന്ന് പരാതി. കൊല്ലം സ്വദേശി സാനിഷിനാണ് മർദനമേറ്റത്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് പരാതി.

ഈ മാസം ഒമ്പതിനാണ് സംഭവം. വഞ്ചിയൂരിൽ നടുറോഡിൽ മദ്യപിച്ച് ലക്കുകെട്ട ഒരാൾ അക്രമം നടത്തുന്നതായി സാനിഷ് പൊലീസിനെ വിവരമറിയിച്ചു. എന്നാൽ വിവരമറിയിച്ച തന്നെ പൊലീസ് മർദിച്ചുവെന്നാണ് സാനിഷ് ആരോപിക്കുന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നു. സാനിഷിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കൈവീശി അടിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിലുണ്ട്. സാനിഷിന്റെ തല പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇടിപ്പിച്ചതായും പരാതിയുണ്ട്.

എന്നാൽ, സംഭവത്തെ ന്യായീകരിച്ചു പൊലീസ് രംഗത്തുവന്നു. രണ്ടുപേർ തമ്മിൽ അക്രമം നടക്കുന്നത് സാനിഷ് തങ്ങളെ അറിയിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയപ്പോൾ വിവരം തെറ്റാണെന്ന് തെളിഞ്ഞു. ഇക്കാര്യം സാനിഷിനോട്‌ ചോദിച്ചപ്പോൾ കുട്ടി ഫോൺ എടുത്ത് കളിച്ചപ്പോഴാണ് കോൾ വന്നതെന്ന് സാനിഷ് പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ സാനിഷ് മോശമായി സംസാരിച്ചു. ഇത് സംഘർഷത്തിൽ കലാശിച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം.

എന്നാൽ, സംഭവത്തിൽ സാനിഷ് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. പരാതി നൽകാതെ പൊലീസുകാരനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നാണ് വഞ്ചിയൂർ പൊലീസ് പറയുന്നത്.


TAGS :

Next Story