കോഴിക്കോട്ട് വിദ്യാർഥിയെ പൊലീസ് ആളുമാറി മർദിച്ചതായി പരാതി; കർണപടം പൊട്ടി
കഴിഞ്ഞ വെള്ളിയാഴ്ച, അക്കൗണ്ട് എടുക്കാൻ മേപ്പയ്യൂർ എസ്ബിഐ ബാങ്കിൽ പോയപ്പോഴായിരുന്നു സംഭവം.

കോഴിക്കോട്: കോഴിക്കോട്ട് വിദ്യാർഥിയെ പൊലീസുകാർ ആളുമാറി മർദിച്ചെന്ന് പരാതി. ചെറുവണ്ണൂർ സ്വദേശി ആദിലിനാണ് മർദനമേറ്റത്. കളമശ്ശേരിയിൽ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂർ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി. മർദനത്തിൽ ആദിലിന്റെ കർണപടം പൊട്ടി.
കഴിഞ്ഞ വെള്ളിയാഴ്ച, അക്കൗണ്ട് എടുക്കാൻ മേപ്പയ്യൂർ എസ്ബിഐ ബാങ്കിൽ പോയപ്പോഴായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തെന്ന് ആദിൽ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടർന്ന് സ്റ്റേഷനുള്ളിൽ കൊണ്ടുപോയി മർദിച്ചതായും ചെവിയുടെ കർണപടം പൊട്ടിയതായും ആദിൽ വ്യക്തമാക്കി.
മറ്റൊരു കേസിന്റെ അന്വേഷണത്തിനെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാൾക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാൽ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയിൽ പറയുന്നു.
അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മർദനത്തിൽ മുസ്‌ലിം ലീഗും യൂത്ത് കോൺഗ്രസും വെൽഫയർ പാർട്ടിയും പ്രതിഷേധിച്ചു. പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. പരിക്കേറ്റ ആദിൽ പേരാമ്പ്രയിലെ ആശുപത്രിയിൽ ചികിത്സ തേടി.
Adjust Story Font
16

