Quantcast

മാധ്യമം ലേഖകന് പൊലീസ് മർദനം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണത്തിന് ഉത്തരവിട്ടു

അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    14 July 2021 12:25 PM GMT

മാധ്യമം ലേഖകന് പൊലീസ് മർദനം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണത്തിന് ഉത്തരവിട്ടു
X

മാധ്യമം ലേഖകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെപിഎം റിയാസിനെ മർദിച്ച തിരൂർ പൊലീസ് ഇൻസ്‌പെക്ടർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു.

കെപിഎം റിയാസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ഈ മാസം എട്ടിനാണ് റിയാസിന് പൊലീസ് മർദനമേറ്റത്. പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപം തിരൂർ സിഐ ടിപി ഫർഷാദാണ് ലാത്തികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. സ്വന്തം നാടായ പുറത്തൂർ പുതുപ്പള്ളിയിൽ വീടിന് തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു പൊലീസ് അതിക്രമം. കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു.

ഈ സമയം ഇവിടെയെത്തിയ പൊലീസ് സംഘം വാഹനം നിർത്തി കടയിലേക്ക് കയറുകയും സിഐയുടെ നേതൃത്വത്തിൽ റിയാസിനെ അടിക്കുകയുമായിരുന്നു. ഇടതുകാലിലും ഇരുതോളിലും കൈയിലും കാലിലും ലാത്തി ഉപയോഗിച്ച് ശക്തിയായി മർദിച്ചു. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനും മർദനമേറ്റിരുന്നു. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ കേട്ടാൽ അറയ്ക്കുന്ന ഭാഷിൽ തെറിവിളിച്ചു. തുടർന്ന് റിയാസ് തിരൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധനങ്ങൾ വാങ്ങാനെത്തിയ തന്നെ അകാരണമായി മർദിച്ച സിഐക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ റിയാസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം കേസ് കമ്മീഷൻ പരിഗണിക്കും.

TAGS :

Next Story