Quantcast

പാലക്കാട്ട് വോട്ടിന് പണം; സമഗ്ര അന്വേഷണവുമായി പൊലീസ്

പരാതിക്കാരുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ചവരുടെയും മൊഴി രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    13 April 2026 8:47 AM IST

പാലക്കാട്ട് വോട്ടിന് പണം; സമഗ്ര അന്വേഷണവുമായി പൊലീസ്
X

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ വോട്ടിന് പണം നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണവുമായി പാലക്കാട് സൗത്ത് പൊലീസ്. പരാതിക്കാരുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ചവരുടെയും മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. നിശബ്ദ പ്രചാരണ ദിവസം മറ്റു വീടുകളിലും ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പണം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.

അതേസമയം, വാർത്ത പുറത്തുകൊണ്ടുവന്ന മീഡിയവണ്‍ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ് മലിന് ബിജെപി-ആര്‍എസ്എസ് ഭീഷണിയെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്. ശോഭാ സുരേന്ദ്രന്‍റെ വോട്ടിന് നോട്ട് എന്ന വാർത്ത പുറത്തുകൊണ്ടുവന്നതിലാണ് പ്രകോപനം. സാജിദിനെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് വിഭാഗം റിപ്പോർട്ട് നൽകി. സാജിദിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മീഡിയവണ്‍ എഡിറ്റർ ഡിജിപിക്ക് കത്തയച്ചു.

പാലക്കാട്ടെ എൻഡിഎ സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രൻ വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് സാജിദ് അജ്മലായിരുന്നു. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. താനുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് മെനഞ്ഞ കള്ളക്കഥയാണ് അരങ്ങേറിയതെന്നായിരുന്നു ശോഭയുടെ വാദം. എന്നാല്‍, തങ്ങളുടെ കൂടെയുള്ള സ്ത്രീയാണ് കാറിലുണ്ടായിരുന്നതെന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമപ്രവർത്തകർ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ശോഭ വെട്ടിലാവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നായി പിന്നീടുള്ള വാദങ്ങള്‍.ഇതിന് പിന്നാലെ പണം നല്‍കിയ സ്ത്രീയും ശോഭ സുരേന്ദ്രനും തമ്മിൽ മുൻപരിചയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഴയ ഫോട്ടോകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

TAGS :

Next Story