വനിതാ നിർമാതാവിനെതിരായ ലൈംഗികാതിക്രമം: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, ആന്റോ ജോസഫ് ഒന്നാം പ്രതി
പ്രതികൾ ഉൾപ്പെടെയുള്ള ആളുകൾ സ്വാധീനിക്കാൻ ശ്രമിച്ചെന്നും തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു.

കൊച്ചി: വനിതാ നിർമാതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നിർമാതാവ് ആന്റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണുള്ളത്.
കേസിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാകേഷാണ് രണ്ടാം പ്രതി. അനിൽ തോമസ്, ഔസേപ്പച്ചൻ വാഴക്കുഴി എന്നീ നിർമാതാക്കളും കേസിലെ പ്രതികളാണ്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ വിളിച്ചുവരുത്തിയ ശേഷം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് വനിതാ നിർമാതാവ് പൊലീസിന് നൽകിയ പരാതി.
ഈ പരാതി പിന്നീട്, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഈ അന്വേഷണ സംഘമാണ് എറണാകുളം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നേരത്തെ, അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. പരാതിക്കാരിയായ വനിതാ നിർമാതാവിന്റെ മൊഴിയെടുക്കുകയും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ലൈംഗികാതിക്രമത്തിനിരയായ വനിതാ നിർമാതാവ് പറഞ്ഞു. പ്രതികൾ ഉൾപ്പെടെയുള്ള ആളുകൾ സ്വാധീനിക്കാൻ ശ്രമിച്ചു. തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.
Adjust Story Font
16

