കണ്ണൂരിൽ റീൽസെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
എറണാകുളം- പുണെ എക്‌സ്പ്രസാണ് വിദ്യാർഥികള്‍ നിര്‍ത്തിച്ചത്

കണ്ണൂർ: കണ്ണൂരില്‍ റീല്‍ ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. എറണാകുളം- പുണെ എക്‌സ്പ്രസാണ് വിദ്യാര്‍ത്ഥികള്‍ നിര്‍ത്തിച്ചത്.
മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാര്‍ത്ഥികളുടെ റീല്‍ ചിത്രീകരണം. പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം യാത്ര തടസ്സപ്പെടുകയും ചെയ്തു.
റെയില്‍വേ ഗേറ്റ് ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീല്‍ ചിത്രീകരണമായിരുന്നു ഉദ്ദേശമെന്ന് മനസ്സിലായത്. ഇരുവരെയും ജാമ്യത്തില്‍ വിട്ടു.
Adjust Story Font
16

