ദമ്പതികളെ കൊന്നത് മുൻ ജീവനക്കാരനായ അസം സ്വദേശിയെന്ന് സൂചന; മുമ്പ് ഒരു കോടി തട്ടിയ കേസിൽ പ്രതി
ഇയാൾ കുറച്ച് നാളുകൾക്ക് മുമ്പ് വീട്ടിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയെയും ഡോക്ടറായ ഭാര്യയേയും കൊലപ്പെടുത്തിയത് മുൻ ജീവനക്കാരനെന്ന് സൂചന. കൊല്ലപ്പെട്ട വിജയകുമാറിന്റെ കമ്പനിയിലെ ജീവനക്കാരൻ അസം സ്വദേശി അമിത് ആണ് സംശയനിഴലിലുള്ളത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്.
ഇയാൾ മുമ്പ് ഫോൺ ഉപയോഗിച്ച് ഓൺലൈൻ വഴി ഒരു കോടി രൂപ തട്ടിയ കേസിൽ അറസ്റ്റിലായിരുന്നു. വിജയകുമാറിന്റെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. അമിതിന്റെ ഫോൺ ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
ഇയാൾ കുറച്ച് നാളുകൾക്ക് മുമ്പ് വീട്ടിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. വീട്ടിൽ ഡോഗ് സ്‌ക്വാഡ്, ഫൊറൻസിക്, വിരലടയാള വിദഗ്ധരുടെയും ഇതര പൊലീസ് വിഭാഗങ്ങളുടേയും പരിശോധന പുരോഗമിക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീടിന്റെ വാതിലിനു സമീപത്തുനിന്നും അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകടന്നാണ് ഇരട്ടക്കൊല നടത്തിയതെന്നാണ് നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും പൊലീസ് കണ്ടെത്തി. കോടാലി ഉപയോഗിച്ച് വെട്ടിയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും ഭാര്യ മീരയുടേത് അടുക്കള ഭാഗത്തുമാണ് കണ്ടെത്തിയത്. രക്തം വാർന്നാണ് മരണം.
അതിക്രൂരമായാണ് ഇരുവരേയും കൊലപ്പെടുത്തിയത്. രാവിലെ എട്ട് മണിയോടെ എത്തിയ വീട്ടുജോലിക്കാരിയാണ് ഇരുവരും കൊല്ലപ്പെട്ട് രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥ ഗ്രൂപ്പിലെ ജീവനക്കാരെയും വിവരമറിയിച്ചു. ശ്രീവത്സം എന്ന വലിയ വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഇവരുടേതാണ്.
അഞ്ച് വർഷം മുമ്പ് ഇവരുടെ മകനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിനു ശേഷം സമൂഹവുമായി അകന്ന് ഉൾവലിഞ്ഞ് ജീവിക്കുകയായിരുന്നു ദമ്പതികൾ. അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരയ്ക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് കൊലപാതകം. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടുത്തെ വളർത്തുനായ ചത്തുപോയിരുന്നു.
Adjust Story Font
16



