പൊലീസ് ട്രെയിനിയുടെ ആത്മഹത്യ; ഡിഐജിയുടെ റിപ്പോർട്ട് പൊലീസിനെ വെള്ളപൂശുന്നതാണെന്ന് കുടുംബം
പൊലീസിന്റെ ഭാഗത്ത് പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഡിഐജി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയുട ആത്മഹത്യയിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മരിച്ച ആനന്ദിന്റെ കുടുംബം. ഡിഐജിയുടെ റിപ്പോർട്ട് പൊലീസിനെ വെള്ളപൂശുന്നതാണെന്നും ആനന്ദിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബന്ധു സുരേഷ് ആവശ്യപ്പെട്ടു.
ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട് ഡിഐജി അരുൾ ബി.കൃഷ്ണ എഡിജിപിക്ക് സമർപ്പിച്ച സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. പൊലീസിന്റെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. ആദ്യ ആത്മഹത്യാശ്രമത്തിന് ശേഷം ആനന്ദിനെ പരിചരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും ആനന്ദിന്റെ ആവശ്യപ്രകാരമാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആത്മഹത്യാശ്രമത്തിന് ശേഷം പുറത്തുവന്ന വാർത്തകളിലെ കമന്റുകൾ ആനന്ദിനെ വേദനിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.
Adjust Story Font
16

