പൂരം കലക്കൽ: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പൂരം കലക്കലിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. പൊലീസിൽ നിന്ന് മാറ്റിയതിനാൽ സസ്പെൻഷൻ പോലെയുള്ള നടപടി വേണ്ടെന്നാണ് നിലപാട്. താക്കീതിൽ ഒതുക്കാനാണ് ആലോചന നടക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അപ്പീലിൽ പരിഗണിക്കുക. വിഷയത്തിൽ വിജിലൻസിനോടും സർക്കാറിനോടും കോടതി നിലപാട് തേടിയേക്കും.
തനിക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിക്കാതെയും സാക്ഷിമൊഴികൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിക്കാതെയുമാണ് കോടതി നടപടിയെന്നാണ് അജിത് കുമാറിൻ്റെ വാദം. വസ്തുതകൾ കൃത്യമായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം.
ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ നടത്തിയ പരസ്യ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് പ്രത്യേക കോടതിക്ക് മുന്നിലുള്ള പരാതി എന്നും വിശ്വാസയോഗ്യമായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരൻ കഴിഞ്ഞിട്ടില്ല എന്നും അജിത് കുമാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേകമായി രൂപീകരിച്ച സംഘത്തിന്റെ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഗണിക്കാതെയാണ് കോടതി നടപടിയെന്നും സുപ്രധാന കേസുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന തന്റെ സൽപേരിന് കളങ്കം വരുത്താനാണ് പരാതി നൽകിയതെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കുന്നതിന് പുറമേ പരാതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Adjust Story Font
16

