'സ്വന്തം കാര്യത്തിന് വേണ്ടി ഭക്തരെയും എൻഎസ്എസിനെയും പിന്നിൽ നിന്ന് കുത്തി';സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധം
ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കൊല്ലം ശാസ്താംകോട്ട വേങ്ങയിലുമാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്

ആലപ്പുഴ:ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധം. ആലപ്പുഴയിലും കൊല്ലം ശാസ്താംകോട്ടയിലുമാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, സമുദായിക സംഘടനകൾക്ക് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പിൽ നൽകുന്ന പിന്തുണയാണിതെന്ന് പറയാനാകില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.
ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കൊല്ലം ശാസ്താംകോട്ട വേങ്ങയിലുമാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെയും എൻഎസ്എസിനെയും പിന്നിൽ നിന്ന് കുത്തിയെന്നും സുകുമാരൻ നായർ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ആലപ്പുഴയിൽ ബാനർ ഉയർത്തിയത്. സമുദായത്തെ ഒറ്റികൊടുക്കാൻ ശ്രമിച്ച നേതൃത്വം സമുദായത്തിന് നാണക്കേടെന്ന വാചകത്തോടെ എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് വേങ്ങയിൽ ബാനർ കെട്ടിയത്. എൻഎസ്എസ്അനുഭാവികൾ എന്ന പേരിലായിരുന്നു ബാനർ. എൻഎസ് എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ലെന്നും അയ്യപ്പസംഗമത്തിന് എൻഎസ്എസ് നൽകിയ പിന്തുണ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും കെ.സി വേണു ഗോപാലും കെ.മുരളീധരനും പ്രതികരിച്ചു.
സുകുമാരൻ നായരുടെ ഇടത് ചായ്‍വിനിടെ ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻഎസ്എസ് പരിപാടിയിൽ ഉദ്ഘാടകനായി എത്തിയതും ശ്രദ്ധേയമായി. എൻഎസ്എസിൻ്റെ കോട്ടയം മീനച്ചിൽ താലൂക്ക് യൂണിയൻ നേതൃത്വത്തിൽ നടന്ന ആധ്യാത്മിക സംഗമമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തത്.
Adjust Story Font
16

