ബാങ്ക് കൊള്ള ആസൂത്രിതം; കവർച്ച കടബാധ്യത തീർക്കാനെന്ന് പ്രതി റിജോ ആന്റണി
കവർച്ചക്ക് മറ്റാരുടെയങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

തൃശൂർ: പോട്ടയിലെ ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലീസ്. പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതി റിജോ ആന്റണി കൊള്ള നടത്തിയത്. ഇന്ന് രാത്രിയോടെ വീട്ടിൽവെച്ചാണ് പൊലീസ് റിജോയെ കസ്റ്റഡിയിലെടുത്തത്. കവർച്ച നടത്തുന്നതിന്റെ മൂന്ന് ദിവസം മുമ്പ് പ്രതി ബാങ്കിലെത്തിയിരുന്നു. എടിഎം കാർഡ് സംബന്ധിച്ച കാര്യത്തിനായിരുന്നു ബാങ്കിലെത്തിയത്. ഇതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ സഹായകരമായെന്ന് ഡിവൈഎസ്പി പറഞ്ഞു.
പൊലീസ് വളരെ കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്കെത്തിയത്. പൊലീസിന്റെ പ്രൊഫഷണലിസമാണ് ഈ അന്വേഷണത്തിലും വ്യക്തമാകുന്നത്. വലിയ സാമ്പത്തിക ബാധ്യതയാണ് കവർച്ച നടത്താൻ കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയുടെ ഭാര്യ വിദേശത്താണ്. സാമ്പത്തിക ബാധ്യത എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. ആഴ്ചകൾക്ക് മുമ്പ് തന്നെ കവർച്ചക്ക് പ്രതി തീരുമാനമെടുത്തിരുന്നു. വളരെ കൃത്യമായ നിരീക്ഷണത്തിലൂടെ ബാങ്കിന്റെ പ്രവർത്തനം മനസ്സിലാക്കിയാണ് പ്രതി കവർച്ച നടത്തിയത്. കവർച്ചക്ക് മറ്റാരുടെയങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതിയുടെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. സംഭവം നടന്ന് 36 മണിക്കൂറുകൾക്ക് ശേഷമാണ് മോഷ്ടാവ് പിടിയിലായത്. ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെൽമെറ്റും ജാക്കറ്റും കയ്യുറകളും ധരിച്ചായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളും ഇയാൾ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങളും അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
പ്രതിയുടെ ശരീരഘടനയും ഷൂവിന്റെ നിറവും അന്വേഷണത്തിൽ നിർണായകമായി. പ്രതി വസ്ത്രം പല തവണ മാറിയെങ്കിലും ഷൂ മാറ്റിയിരുന്നില്ല. കുടവയറുള്ള ശരീരഘടന സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. പ്രതിക്ക് 40 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ട് എന്നാണ് പ്രാഥമിക വിവരം. ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോഴും ആദ്യം കുറ്റം നിഷേധിക്കാനാണ് ഇയാൾ ശ്രമിച്ചത്. പൊലീസ് തെളിവ് നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
Adjust Story Font
16

