Quantcast

'സാറിന്റെ ജാതിയേതാണ്, ആർക്കാണ് വോട്ട് ചെയ്യുന്നത്...'; തെരഞ്ഞെടുപ്പിന് സ്ഥാനാർഥി സാധ്യത തേടി പിആർ ഏജൻസികളുടെ സർവേ

മന്ത്രി സജി ചെറിയാൻ, അബിൻ വർക്കി, അച്ചു ഉമ്മൻ, എം.ടി രമേശ് തുടങ്ങിയവരുടെ പേരുകളാണ് പെൺകുട്ടി പറയുന്നത്.

MediaOne Logo

Web Desk

  • Updated:

    2026-01-02 14:00:58.0

Published:

2 Jan 2026 6:08 PM IST

PR agencies survey potential candidates for elections
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികൾക്കായി സ്ഥാനാർഥി സാധ്യത തേടി പിആർ ഏജൻസികളുടെ സർവേ. ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലെ വിവരമാണ് തേടുന്നത്. കേരള സർവകലാശാലയിലെ വിദ്യാർഥിനി എന്ന വ്യാജേന വിളിച്ച പെൺകുട്ടി ബിഎൽഒയോട് വിവരം തേടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു.

പൊളിറ്റിക്കൽ സയൻസ് അവസാന വർഷ വിദ്യാർഥിയാണെന്നും സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രൊജക്ട് ചെയ്യുന്നുണ്ടെന്നും അതിന്റെ ഭാഗമായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചില വിവരങ്ങൾ ശേഖരിക്കാനാണ് വിളിച്ചതെന്നും പിആർ ഏജൻസിയിൽ നിന്നുള്ള പെൺകുട്ടി ഒറ്റശ്വാസത്തിൽ പറയുന്നു. താങ്കളുടെ നിയമസഭാ മണ്ഡലം ഏതാണെന്ന് ബിഎൽഒയോട് ചോദിക്കുന്ന യുവതി ചെങ്ങന്നൂരാണെന്ന് മറുപടി കിട്ടുമ്പോൾ അവിടുത്തെ സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ള വിവിധ നേതാക്കളുടെ പേരുകൾ പറയുന്നു.

മന്ത്രി സജി ചെറിയാൻ, അബിൻ വർക്കി, അച്ചു ഉമ്മൻ, എം.ടി രമേശ് തുടങ്ങിയവരുടെ പേരുകളാണ് പെൺകുട്ടി പറയുന്നത്. ഇവരിൽ ആരുടെയൊക്കെ പേരുകൾ കേട്ടിട്ടുണ്ടെന്ന് പറയാനാണ് ബിഎൽഒയോട് ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്നും 2021ൽ ആർക്കാണ് വോട്ട് ചെയ്യുന്നതെന്നും പിആർ ഏജൻസി പ്രതിനിധി ചോദിക്കുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർക്കാണ് വോട്ട് ചെയ്തതെന്നും ചോദിക്കുന്ന പെൺകുട്ടി, ബിഎൽഒയുടെ ജാതി/സമുദായം ഏതാണെന്നും ചോദിക്കുന്നുണ്ട്. പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ ബിൽഒ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ചോദ്യങ്ങൾക്കൊക്കെ വളരെ രസകരമായ രീതിയിലാണ് അദ്ദേഹത്തിന്റെ മറുപടികൾ.

കസ്റ്റമർ കെയറിൽ നിന്ന് വിളിക്കുന്നവരുടെ അതേ രീതിയിൽ ഒറ്റയടിക്ക് നിരവധി കാര്യങ്ങൾ പറഞ്ഞാണ് പെൺകുട്ടി ചോദ്യങ്ങളിലേക്ക് കടക്കുന്നത്. അതേസമയം, ഇത്തരമൊരു സർവേ നടത്താൻ വിദ്യാർഥികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഫോണിലൂടെ ആരെയും വിളിച്ച് വിവരം തേടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സർവകലാശാലാ, കാര്യവട്ടം കാംപസ് അധികൃതർ മീഡിയവണിനോട് പറഞ്ഞു. ഇതോടെയാണ്, വിളിച്ചത് പിആർ ഏജൻസി പ്രതിനിധിയാണെന്ന് വ്യക്തമായത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ ചർച്ച തുടങ്ങിയിരിക്കെയാണ് പിആർ ഏജൻസിയുടെ വക ഇത്തരമൊരു സർവേ.

TAGS :

Next Story