Quantcast

അണുബാധ മൂലം ഗർഭിണി മരിച്ച സംഭവം: ഭ്രൂണഹത്യക്ക് നിർബന്ധിച്ചതായി പ്രതി; അന്വേഷണം ശക്തമാക്കി പൊലീസ്

ഗർഭസ്ഥ ശിശു മരിച്ചെന്ന് വ്യക്തമായിട്ടും ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ഭർത്താവ് തയ്യാറായിരുന്നില്ല

MediaOne Logo

Web Desk

  • Published:

    4 July 2022 1:24 AM GMT

അണുബാധ മൂലം ഗർഭിണി മരിച്ച സംഭവം: ഭ്രൂണഹത്യക്ക് നിർബന്ധിച്ചതായി പ്രതി; അന്വേഷണം ശക്തമാക്കി പൊലീസ്
X

പത്തനംതിട്ട: കുഴിക്കാലയില് ഗർഭിണിയായ യുവതി അണുബാധയെ തുടർന്ന് മരിച്ച സംഭവത്തില് അന്വേഷണം ശക്തമാക്കി പൊലീസ്. ഭ്രൂണഹത്യാ ശ്രമം നടത്തിയിരുന്നതായി മരിച്ച അനിതയുടെ ഭർത്താവ് ജ്യോതിഷ് സമ്മതിച്ചതിന് പിന്നാലെയാണ് നടപടി. ഇന്നലെ അറസ്റ്റിലായ ജ്യോതിഷിനെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.

ജൂണ് 28ന് മരിച്ച അനിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ലഭിച്ച ആശുപത്രി രേഖകളും ബന്ധുക്കളുടെ പരാതിയും അടിസ്ഥാനമാക്കിയാണ് കൂടുതൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നത്. ആദ്യ പ്രസവത്തിന് പിന്നാലെ വീണ്ടും ഗർഭിണിയായത് മറച്ച് വെക്കാൻ അനിതയെ നിർബന്ധിച്ചിരുന്നതായി ജ്യോതിഷ് പൊലീസിനോട് സമ്മതിച്ചു. ഗർഭം അലസിപ്പിക്കുന്നതിനായി തുടർച്ചയായി ഇയാൾ യുവതിയെ കൈതച്ച ജ്യൂസും കപ്പയില ജ്യൂസും കുടിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടുത്ത വയറുവേദന ഉണ്ടായതിനെ തുടർന്ന് അനിതയുമായി പ്രതി ഡോക്ടറെ കണ്ടിരുന്നു. പരിശോധനയിൽ ഗർഭസ്ഥ ശിശു മരിച്ചതായി വ്യക്തമായിട്ടും ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. ഇതാണ് അണുബാധയുണ്ടാവാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.

2019 ൽ വിവാഹിതരായി ഒരു വർഷത്തിനകം ജനിച്ച ആദ്യ കുട്ടിക്ക് ഹൃദയ സംബന്ധമായി രോഗമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം അനിതയുടെ ബന്ധുക്കളെ അറിയിക്കാൻ ജ്യോതിഷ് സമ്മതിച്ചിരുന്നില്ല. ഇക്കാര്യങ്ങൾ പുറത്തറിഞ്ഞാൽ താന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞ് പ്രതി അനിതയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

ഇന്നലെ അറസ്റ്റ് ചെയ്ത ജ്യോതിഷിനെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ടുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊട്ടരാക്കര സബ് ജയിലിൽ റിമാന്ഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

TAGS :

Next Story