Quantcast

ആർ. ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങി

കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട്

MediaOne Logo

Web Desk

  • Updated:

    2022-07-12 05:55:20.0

Published:

12 July 2022 5:41 AM GMT

ആർ. ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങി
X

തിരുവനന്തപുരം: നടിയെ ആക്രമിക്കപ്പെട്ട കേസിലെ ആരോപണങ്ങൾക്കെതിരെ മുൻ ജയിൽമേധാവി ആർ.ശ്രീലേഖക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് യൂ ട്യൂബ് ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കും.ശ്രീലേഖയുടെ വീഡിയോയും പരിശോധിക്കും.

ശ്രീലേഖക്കെതിരെ തൃശൂർ റൂറൽ പൊലീസ് മേധാവിക്കാണ് കുസുമം ജോസഫ് പരാതി നൽകിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് യൂ ട്യൂബ് ചാനലിൽ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായി ആർ.ശ്രീലേഖ യൂ ട്യൂബ് ചാനലിൽ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനി നിരന്തര പീഡകനാണെന്ന് അറിഞ്ഞിട്ടും പൊലീസ് ഓഫീസർ എന്ന നിലയിൽ ശ്രീലേഖ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് പരാതിയിൽ ചോദിക്കുന്നു. ശ്രീലേഖ കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നു. പൾസർ സുനിക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കില്ലായിരുന്നുവെന്നും കുസുമം ജോസഫ് പരാതിയിൽ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ചാണ് ശ്രീലേഖ രംഗത്തെത്തിയത്. കേസിൽ ദിലീപിനെ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന് പറഞ്ഞ ശ്രീലേഖ, അന്വേഷണസംഘത്തിന് നേരെ ഗുരുതര ആരോപണവും ഉയർത്തി. കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്തെഴുതിയത് സുനിയല്ല. സഹതടവുകാരൻ വിപിൻ ലാലാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.

അതേസമയം, ആരോപണത്തിന്റെ പശ്ചാത്തലത്തലത്തിൽ നടി കോടതിയെ സമീപിച്ചേക്കും. പ്രോസിക്യൂഷനൊപ്പമാകും നടിയും കോടതിക്ക് മുന്നിലെത്തുക. ക്രൈബ്രാഞ്ച് മൂന്ന് ദിവസത്തിനകം തുടരന്വഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കേയാണ് ശ്രീലേഖയുടെ ആരോപണവും കോടതിക്ക് മുന്നിലെത്തുന്നത്.


TAGS :

Next Story