Quantcast

''എന്നെ കൊന്നോട്ടെ, എന്റെ കൊച്ചു മകൾക്ക് വേണ്ടി നിമിഷയെ വെറുതെ വിടണം'' കരഞ്ഞപേക്ഷിച്ചു അമ്മ

ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ അവൾ ഏറെ വേദനയും പീഡനവും സഹിച്ചുവെന്നും അതിനിടയിലാണ് അവൾ ചെയ്യാത്ത കുറ്റം ഏറ്റതെന്നും അവർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-03-13 16:31:30.0

Published:

13 March 2022 4:30 PM GMT

എന്നെ കൊന്നോട്ടെ, എന്റെ കൊച്ചു മകൾക്ക് വേണ്ടി നിമിഷയെ വെറുതെ വിടണം കരഞ്ഞപേക്ഷിച്ചു അമ്മ
X

'എന്നെ കൊന്നോട്ടെ, എന്റെ കൊച്ചു മകൾക്ക് വേണ്ടി നിമിഷയെ വെറുതെ വിടണം' കരഞ്ഞപേക്ഷിച്ചു യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമ. ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ അവൾ ഏറെ വേദനയും പീഡനവും സഹിച്ചുവെന്നും അതിനിടയിലാണ് അവൾ ചെയ്യാത്ത കുറ്റം ഏറ്റതെന്നും അവർ പറഞ്ഞു. സർക്കാർ ഇടപെടാതെ ഒന്നും സാധിക്കില്ലെന്നും ഒരു അഭിഭാഷകനെ വെച്ചു കേസ് നടത്താൻ കഴിവില്ലാതെ പോയെന്നും അവർ സങ്കടപ്പെട്ടു. വിധി വന്ന ശേഷം കഴിഞ്ഞ ദിവസം നിമിഷ പ്രിയ വിളിച്ച് ധൈര്യമായിട്ട് ഇരിക്കാൻ പറഞ്ഞുവെന്നും അവർ വ്യക്തമാക്കി. ഇനി മകളെ ജീവനോടെ കാണാൻ കഴിയുമോ എന്നറിയില്ലെന്നും കോവിഡ് മാറുമ്പോൾ അമ്മ വരുന്നതും കാത്തിരിക്കുന്ന കൊച്ചുമകളെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.

നിമിഷപ്രിയക്ക് യെമൻ കോടതിയാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷയിൽ ഇളവ് തേടി നിമിഷപ്രിയ നൽകിയ ഹരജി മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ. ആത്മരക്ഷാർഥമാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയ വാദിച്ചത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അന്തിമ വിധി എതിരായി.


യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. യെമൻകാരിയായ സഹപ്രവർത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. വധശിക്ഷ ശരിവച്ചാൽ യെമൻ പ്രസിഡൻറിന്റെ അധ്യക്ഷതയിലുള്ള സുപ്രിം ജുഡീഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാം. എന്നാൽ, അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു പതിവ്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കുമായിരുന്നു. എന്നാൽ ഇതിനായി നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുൻപിൽ തടിച്ചു കൂടി പ്രതിഷേധം നടത്തിയിരുന്നു.

Prema, the mother of Nimisha, a native of Palakkad, who was sentenced to death in the case of the murder of a Yemeni citizen who asks to free her daughter

TAGS :

Next Story