Quantcast

ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം: ജനാധിപത്യത്തിന്റെ വിജയമെന്ന് മന്ത്രി പി. രാജീവ്

‘ഗവർണറുടെ നടപടി തെറ്റായിരുന്നുവെന്ന് തെളിഞ്ഞു’

MediaOne Logo

Web Desk

  • Published:

    29 Feb 2024 4:35 AM GMT

minister p rajeev
X

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമെന്ന് മന്ത്രി പി. രാജീവ്. ബില്ല് നിയമസഭ പാസാക്കിയപ്പോൾ തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടണമായിരുന്നു. ലോക്പാൽ ബില്ലിന് സമാനമാണ് ഈ ബില്ലിലെയും വ്യവസ്ഥകൾ.

ഗവർണർക്ക് ലോകായുക്ത നിയമ​ ഭേദഗതി ബിൽ വായിച്ചുകേൾപ്പിച്ച് നൽകിയതാണ്. അപ്പോൾ തന്നെ ഗവർണർ അതിൽ ഒപ്പിടേണ്ടാതായിരുന്നു. ഗവർണർക്ക് പ്രത്യേക വിവേചനാധികാരം ഒന്നും ഭരണഘടന നൽകുന്നില്ല. ​അദ്ദേഹത്തിന്റെ നടപടി തെറ്റായിരുന്നുവെന്നാണ് രാഷ്ട്രപതിയുടെ ഇടപെടലിലൂടെ വ്യക്തമാകുന്നതെന്ന് പി. രാജീവ് പറഞ്ഞു.

ഗവർണർ ബില്ലിൽ അടയിരുന്ന് പരമാവധി വൈകിപ്പിച്ചു. ഗവർണർ ഇപ്പോഴും മറ്റു പല ബില്ലുകളിൽ മേലും അടയിരിക്കുന്നു. യാത്രാതിരക്ക് മൂലം ഗവർണർക്ക് സമയം കിട്ടുന്നില്ലെന്നും പി. രാജീവ് കുറ്റപ്പെടുത്തി.

ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞദിവസമാണ് അംഗീകാരം നൽകിയത്. സർക്കാറും ഗവർണറും തമ്മിലുള്ള പോരിനൊടുവിൽ ബില്ലിൽ തീരുമാനമെടുക്കാനായി ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നു. സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഗവർണർ തീരുമാനമെടുത്തിരുന്നില്ല. സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്നതായിരുന്നു ബിൽ.

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിക്കയച്ചിരുന്നത്. ലോകായുക്താ നിയമഭേദഗതി, സർവകലാശാല ഭേദഗതി ബിൽ, സഹകരണഭേദഗതി ബിൽ എന്നിവ ഉൾപ്പെടെയാണ് രാഷ്ട്രപതിക്ക് വിട്ടത്. ഇവയിൽ താൻ ഒപ്പിടില്ലെന്ന് വാശിപിടിച്ചായിരുന്നു ഗവർണറുടെ നടപടി.

അതേസമയം, പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. എട്ട് ബില്ലുകളാണ് ഗവർണറുടെ പക്കലുണ്ടായിരുന്നത്. ഇതിൽ ഒപ്പിടണമെന്ന് നിരവധി തവണ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല. ഇതോടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ രണ്ട് ഹരജികൾ സമർപ്പിച്ചു. ഈ കേസ് പരിഗണിക്കുന്നതിന്റെ തലേന്നാണ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്.

2022 ആഗസ്റ്റിലാണ് ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. മന്ത്രി പി. രാജീവാണ് ബിൽ അവതരിപ്പിച്ചത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.



TAGS :

Next Story