Quantcast

'ഉമ്മൻചാണ്ടിയുടെ മാസ്റ്റർ സട്രോക്ക്, സുകുമാർ അഴീക്കോട് അതിൽ വീണു!'; ഓർമ്മക്കുറിപ്പുമായി പി.ടി ചാക്കോ

''ഞാനൊരു വിസ്മയത്തിന്റെ കൂടെയാണ് ഇനി ജീവിക്കാൻ പോകുന്നതെന്ന് മനസിൽ കുറിച്ചിട്ടു.പിന്നീട് എത്രയെത്ര വിസ്മയങ്ങൾ!''

MediaOne Logo

Web Desk

  • Published:

    22 July 2023 6:56 AM GMT

Press Secretary PT Chacko with memories of Oommen Chandy,ഉമ്മൻചാണ്ടിയുടെ ഓർമകളുമായി പ്രസ് സെക്രട്ടറി പി.ടി ചാക്കോ,ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.ടി ചാക്കോ,അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,
X

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ഓർമകൾ പങ്കിട്ട് പ്രസ് സെക്രട്ടറിയായ പി.ടി ചാക്കോ. 2004ൽ എ.കെ ആന്റണി രാജിവച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്നു പി.ടി ചാക്കോ. പ്രസ് സെക്രട്ടറി പോസ്റ്റിന് വേണ്ടി നല്ല പിടിവലി നടന്നപ്പോൾ എ.കെ ആന്റണി ചെയ്തതുപോലെ ഉമ്മൻ ചാണ്ടിയും പി.ആർഡിയിൽനിന്ന് ആളെ നിയമിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് തന്റെ പേര് ഉമ്മൻ ചാണ്ടിയിലെത്തുന്നതെന്ന് പി.ടി ചാക്കോ ഫേസ്ബുക്കിൽ കുറിച്ചു.

ആദ്യം നിരസിച്ചെങ്കിലും എഴുത്തച്ഛൻ പുരസ്‌കാരം സുകുമാർ അഴീക്കോട് സ്വീകരിച്ച സംഭവത്തെക്കുറിച്ചും പി.ടി ചാക്കോ പറയുന്നുണ്ട്.

''സുകുമാർ അഴീക്കോട് സാറിനായിരുന്നു ആ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം. അദ്ദേഹമത് ഉമ്മൻ ചാണ്ടിയിൽനിന്ന് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. കോഴിക്കോട് ജയിലിനടുത്തുള്ള ഒരു കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഉമ്മൻ ചാണ്ടി എത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു അത്. കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടത്രേ.. കലക്ടറെ വിളിച്ച് ഞാൻ പരമാവധി വിശദാംശങ്ങൾ സംഘടിപ്പിച്ചു. കത്തിന്റെ ഡ്രാഫ്റ്റുമായി മുഖ്യമന്ത്രിയെ കണ്ടു.മൂന്നു വാചകം ചേർത്തു. ' എന്റെ കയ്യിൽ നിന്ന് വാങ്ങാൻ ബുദ്ധിമുട്ടാണെന്ന അങ്ങയുടെ വികാരത്തെ ഞാൻ മാനിക്കുന്നു. പിന്നെ ആരുടെ കയ്യിൽനിന്ന് വാങ്ങാം എന്നു പറഞ്ഞാൽ അങ്ങനെ ചെയ്യാം. വീട്ടിൽ കൊടുത്തുവിടണമെങ്കിൽ അതും ചെയ്യാം, '

ഒരു മാസ്റ്റർ സട്രോക്ക്!

അഴീക്കോട് സാർ വീണു. അദ്ദേഹം അവാർഡ് സെക്രട്ടറിയേറ്റിലെ ദർബാൾ ഹാളിൽ വന്നു വാങ്ങി. കൂടാതെ ഞാൻ എഴുതിയ 'ഉമ്മൻ ചാണ്ടി: തുറന്നിട്ട വാതിൽ' എന്ന ജീവചരിത്രത്തിന് അവതാരികയുമെഴുതി.'' പി.ടി ചാക്കോ ഓര്‍ക്കുന്നു.

'ഞാനൊരു വിസ്മയത്തിന്റെ കൂടെയാണ് ഇനി ജീവിക്കാൻ പോകുന്നതെന്ന് മനസിൽ കുറിച്ചിട്ടു! പിന്നീട് എത്രയെത്ര വിസ്മയങ്ങൾ! എന്റെ പേരുപോലും മാഞ്ഞു പോയി. ഞാൻ എന്നും 'ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി'...എന്നു പറഞ്ഞാണ് പി.ടി ചാക്കോ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പി.ടി ചാക്കോയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പിന്നീട് എത്രയെത്ര വിസ്മയങ്ങൾ!

ദീപികയിലെ പത്രപ്രവർത്തനം വിട്ട് 2003ൽ ഞാൻ പിആർഡിയിൽ എത്തി. കെഎസ്യു കുപ്പായമൊക്കെ അഴിച്ചുവച്ചായിരുന്നു പത്രപ്രവർത്തനം. സർക്കാരിൽ പിന്നെ പരസ്യമായ രാഷ്രീയം പാടില്ലെന്നാണ് വയ്പ്.

2004ൽ എകെ ആന്റണി രാജിവച്ചതിനെ തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി. പേഴ്സണൽ സ്റ്റാഫിന്റെ നിയമം പൂർത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും പ്രസ് സെക്രട്ടറി പോസ്റ്റിൽ ആളായില്ല. അതിനു വേണ്ടി നല്ല പിടിവലി നടന്നപ്പോൾ എകെ ആന്റണി ചെയ്തതുപോലെ ഉമ്മൻ ചാണ്ടിയും പിആർഡിയിൽനിന്ന് ആളെ നിയമിക്കാൻ തീരുമാനിച്ചു. വകുപ്പില സീനിയറായ ഒരു അഡീഷണൽ ഡയറക്ടറെ നിയമിക്കാൻ തീരുമാനിക്കുന്നു. അന്നു രാത്രി അദ്ദേഹം ലഡ്ഡുവും വിതരണം ചെയ്തു. പക്ഷേ സർക്കാരിലൊന്നും അന്തിമല്ല. അദ്ദേഹത്തെ വേണ്ടെന്നു വച്ചു.

തുടർന്ന് അഡീഷണൽ ഡയറക്ടർക്കു താഴെ ഡെപ്യൂട്ടി ഡയറക്ടർ, ഇൻഫർമേഷൻ ഓഫീസർ, അസി എഡിറ്റർ, ഏറ്റവും താഴെ ഇൻഫർമേഷൻ ഓഫീസർ തുടങ്ങിയ 110 പേരുകളിലേക്കും തെരച്ചിലെത്തി. അവസാനം ഉമ്മൻ ചാണ്ടി തന്റെ വിശ്വസ്തരായ രണ്ടു പത്രപ്രവർത്തകരെ ജോൺ മുണ്ടക്കയം, പിപി ജെയിംസ് എന്നിവരെ ഏല്പിക്കുന്നു. അവർ ഡിപ്പാർട്ട്മെന്റിൽ ഏറ്റവും ജൂണിയറായ എന്റെ പേര് ഉമ്മൻ ചാണ്ടിയിലെത്തിക്കുന്നു. അദ്ദേഹത്തിന് എന്നെ അറിയാം. എന്നാൽ അത്ര അടുപ്പമില്ല. അവാർഡുകളൊക്കെ വാങ്ങി ഞാൻ അത്യാവശ്യം തിളങ്ങി നില്കുന്ന സമയം.

എനിക്ക് സമ്മതമാണോ എന്നു ചോദിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനന്ന് കോട്ടയത്ത് വളരെ കംഫർട്ടഫിൾ ആണ്. കൂടാതെ ഒരു കുട്ടിപ്പത്രവും പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽനിന്ന് അത്യാവശ്യം വരുമാനവും ഉണ്ട്.

ഞാനൊന്നു മടിച്ചു. മന്ത്രിസഭയ്ക്ക് ഒന്നേ മുക്കാൽ വർഷം ആയുസേയുള്ളു. അടുത്ത ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യം തട്ടുകിട്ടുക എനിക്കായിരിക്കും. കോട്ടയത്ത് കോൺഗ്രസുകാരുടെയെല്ലാം ഗുരുസ്ഥാനീയനായ പാലാ കെഎം മാത്യു സാറിന്റെ ഉപദേശം തേടി. 'ഉമ്മൻ ചാണ്ടിയുടെ കൂടെ ജോലി ചെയ്യുന്നത് വലിയ അനുഭവമായിരിക്കും. ഒരു പക്ഷേ ജീവിതത്തിലെ വഴിത്തിരിവാകും.' അദ്ദേഹം പറഞ്ഞു.

ഞാൻ സമ്മതമറിയിച്ചു. ഒരു ദിവസം രാത്രി ഷട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്കൊരു കോൾ. 'ഞാൻ ആർകെയാണ് സിഎമ്മിനു കൊടുക്കാം.'

കിതച്ചുകൊണ്ടാണ് ഫോൺ എടുത്തത്. കളിച്ചുകൊണ്ടിരിക്കുകയാണ് അതാണ് കിതക്കുന്നതെന്നു പറഞ്ഞു. പിന്നെ വിളിക്കാമെന്ന് അദ്ദേഹം. വേണ്ട തുടരാമെന്നു ഞാൻ.

'എപ്പഴാ ഇങ്ങുവരുന്നേ? ' ഞാനൊന്നു പരുങ്ങി.

എനിക്കായിരുന്നു ആ വർഷത്തെ INTERNATIONAL CATHOLIC UNION OF THE PRESS (UCIP) AWARD. ബാംങ്കോക്കിൽ വച്ച് വലിയൊരു ചടങ്ങിലാണ് അവാർഡ് ദാനം. ആഗോളതലത്തിലുള്ള മാധ്യമ പ്രവർത്തകരുടെ സംഗമാണ്. 2 ദിവസത്തിനുള്ളിൽ പോകേണ്ടതുണ്ട്. എന്റെ ആദ്യത്തെ വിദേശയാത്ര കൂടിയാണ്.

ഞാൻ വിവരം പറഞ്ഞു. 'അതു പൊയ്ക്കോ. എത്ര ദിവസത്തിനുള്ളിൽ തിരിച്ചുവരും.''ഒരു പത്തുദിവസം.'

'അഞ്ചു ദിവസം പോരേ. ഞാൻ ആളില്ലാതെ വിഷമിക്കുവാ'

'ശരി സാർ.'

ഞാൻ പാലാ കെഎം മാത്യുസാറിനെ വിളിച്ചു.

'നാളെത്തന്നെ പോയി ജോയിൻ ചെയ്യണം. സർക്കാർ കാര്യമാ. ധാരാളം പേർ പാരവയ്ക്കാനുണ്ട്' അദ്ദേഹം നിർബന്ധിച്ചു.

ഞാൻ തീരുമാനം മാറ്റിയില്ല. എല്ലാ പാരകളും കേറട്ടെ. അതും കഴിഞ്ഞ് പറ്റിയാൽ കേറാം.

ഞാൻ ബാങ്കോക്കിനു പോയി. അഞ്ചാംദിവസം തന്നെ തിരുവനന്തപുരത്തെത്തി. അന്ന് എൽഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയൽ കാരണം തമ്പാനൂരിൽനിന്ന് നടന്ന് സെക്രട്ടേറിയറ്റ് വരെ പെട്ടിയും തൂക്കി നടന്നു. ആരെയും അകത്തു കയറ്റിവിടുന്നില്ല. അവസാനം കാലാവധി കഴിഞ്ഞ അക്രഡിറ്റേഷൻ കാർഡ് കാട്ടി ഒരുവിധം അകത്തുകയറി.

അടുത്ത ദിവസം തന്നെ ആദ്യത്തെ അസൈൻമെന്റ് കിട്ടി. സുകുമാർ അഴീക്കോട് സാറിനായിരുന്നു ആ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം. അദ്ദേഹമത് ഉമ്മൻ ചാണ്ടിയിൽനിന്ന് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. കോഴിക്കോട് ജയിലിനടുത്തുള്ള ഒരു കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഉമ്മൻ ചാണ്ടി എത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു അത്. കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടത്രേ.

കലക്ടറെ വിളിച്ച് ഞാൻ പരമാവധി വിശദാംശങ്ങൾ സംഘടിപ്പിച്ചു. കത്തിന്റെ ഡ്രാഫ്റ്റുമായി മുഖ്യമന്ത്രിയെ കണ്ടു.

അദ്ദേഹം മൂന്നു വാചകം ചേർത്തു. ' എന്റെ കയ്യിൽ നിന്ന് വാങ്ങാൻ ബുദ്ധിമുട്ടാണെന്ന അങ്ങയുടെ വികാരത്തെ ഞാൻ മാനിക്കുന്നു. പിന്നെ ആരുടെ കയ്യിൽനിന്ന് വാങ്ങാം എന്നു പറഞ്ഞാൽ അങ്ങനെ ചെയ്യാം. വീട്ടിൽ കൊടുത്തുവിടണമെങ്കിൽ അതും ചെയ്യാം, '

ഒരു മാസ്റ്റർ സട്രോക്ക്!

അഴീക്കോട് സാർ വീണു. അദ്ദേഹം അവാർഡ് സെക്രട്ടറിയറ്റിലെ ദർബാൾ ഹാളിൽ വന്നു വാങ്ങി. കൂടാതെ ഞാൻ എഴുതിയ 'ഉമ്മൻ ചാണ്ടി: തുറന്നിട്ട വാതിൽ' എന്ന ജീവചരിത്രത്തിന് അവതാരികയുമെഴുതി.

ഞാനൊരു വിസ്മയത്തിന്റെ കൂടെയാണ് ഇനി ജീവിക്കാൻ പോകുന്നതെന്ന് മനസിൽ കുറിച്ചിട്ടു! പിന്നീട് എത്രയെത്ര വിസ്മയങ്ങൾ!എന്റെ ജീവിതത്തെ മാറ്റിമറിച്ചു. എന്റെ പേരുപോലും മാഞ്ഞു പോയി.ഞാൻ എന്നും 'ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി'


TAGS :

Next Story