പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ മാറ്റാൻ കോൺഗ്രസിൽ സമ്മർദം; പാർട്ടി അനുവദിച്ചാൽ മൂന്നാമങ്കത്തിന് തയ്യാറെന്ന് കുന്നപ്പിള്ളി പക്ഷം
കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായം സിപിഎമ്മിലും ഉയരുന്നുണ്ട്

കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നീക്കാൻ കോൺഗ്രസിൽ സമ്മർദം. കുന്നപ്പിള്ളിയെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചെന്നാണ് വിവരം. ഇതിനിടെ വീണ്ടും മൽസരിക്കുമെന്ന സൂചന നൽകിയ എൽദോസ് കുന്നപ്പിള്ളി പ്രചരണ പരിപാടികളുമായി മണ്ഡലത്തിൽ സജീവമായി. കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായം സിപിഎമ്മിലും ഉയരുന്നുണ്ട്.
സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ പെരുമ്പാവൂരിൽ ഇത്തണവയും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാമെന്ന പ്രതീക്ഷയിലാണ് എൽദോസ് കുന്നപ്പിള്ളി. മണ്ഡലത്തിൽ നടത്തിയ ഗ്രാമയാത്രക്ക് പിന്നാലെ ജനമനയാത്രയെന്ന പേരിൽ ബൂത്ത് തല സംഗമവും എൽദോസ് ആരംഭിച്ചു. ഇതിനിടെയാണ് കുന്നപ്പിള്ളിയെ മാറ്റണമെന്ന ആവശ്യം കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നത്. കുന്നപ്പിള്ളിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, കെപിസിസി വെസ് പ്രസിഡണ്ട് ജെയ്‌സൺ ജോസഫ് എന്നിവരുടെ പേരുകളാണ് സജീവ ചർച്ചയിലുള്ളത്. ജനപിന്തുണയുണ്ടെന്നും പാർട്ടി അനുവദിച്ചാൽ മൂന്നാമങ്കത്തിന് തയ്യാറെന്നുമാണ് കുന്നപ്പള്ളിയുടെ പക്ഷത്തിന്റെ നിലപാട്.
കേരളാ കോൺഗ്രസ് (എം) എൽഡിഎഫിലെത്തിയപ്പോൾ വിട്ടു നൽകിയ പെരുമ്പാവൂർ സീറ്റ് ഏറ്റെടുക്കണമെന്ന വികാരം സി.പി.എമ്മിൽ ശക്തമാണ്. സീറ്റ് ഏറ്റെടുത്താൽ സാമുദായിക പരിഗണനകൂടി നോക്കി മുൻ എംഎൽഎ സാജു പോളിന് അവസരം ലഭിച്ചേക്കും. പുതുമുഖങ്ങളും പട്ടികയിൽ ഇടം പിടിച്ചേക്കും. സീറ്റ് കേരളാ കോൺഗ്രസ് എമ്മിനെങ്കിൽ കഴിഞ്ഞ തവണ മൽസരിച്ച ബാബു ജോസഫ് തന്നെ വീണ്ടും സ്ഥാനാർത്ഥിയായേക്കും. യാക്കോബായ സഭക്ക് നല്ല സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്.
Adjust Story Font
16

