'നടന്നത് ആസൂത്രിതമായ ആക്രമണം': മഹാരാഷ്ട്രയിൽ അറസ്റ്റിലായ വൈദികൻ സുധീർ
രാഷ്ട്രീയ പ്രേരിതമായ അക്രമമാണ് തങ്ങൾക്കെതിരെ നടന്നതെന്നും സുധീർ പറഞ്ഞു

കോഴിക്കോട്: രാഷ്ട്രീയ പ്രേരിതമായ ആക്രമമാണ് തങ്ങൾക്കെതിരെ നടന്നതെന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികൻ. ഇത്രയും ഭീകരമായ അനുഭവം ആദ്യമായിട്ടാണെന്ന് നാഗ്പൂര്‍ മിഷനിലെ ഫാദറും തിരുവനന്തപുരം സ്വദേശിയുമായ സുധീർ മീഡിയവണിനോട് പറഞ്ഞു.
'ബർത്ത്ഡേ ആഘോഷിക്കാനായാണ് ഞാൻ അവിടെ പോയത്. പിറന്നാളുകാരനായ വ്യക്തിയെ കൂടി എഫ്ഐആറിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുക എന്നത് ഭീകരമായ പ്രവർത്തിയാണ്. ഒരു ബർത്ത്ഡേ കൂടി ആഘോഷിക്കാനുള്ള സ്വാതന്ത്രം ഇല്ലേ എന്നതാണ് ഒന്നാമത്തെ ചോദ്യം. ക്രിസ്മസ് പ്രോഗ്രാം ആയതുകൊണ്ടുതന്നെ അത് സംബന്ധിച്ച സ്വാഗതമൊക്കെ ഉണ്ടാവുമെന്ന് ചിന്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. ക്രിസ്മസ് സീസണിൽ ക്രിസ്മസ് പാട്ടുകൾ പാടാൻ പാടില്ലെ ?. അങ്ങനെയാണെങ്കിൽ മറ്റ് ഉത്സവങ്ങൾ എങ്ങനെയാണ് ആഘോഷിക്കുക. പള്ളികളിൽപോലും മറ്റ് ഉത്സവങ്ങൾ നടത്താറുണ്ട്. അതും മതപരിവർത്തനമായി കാണേണ്ടിവരുമോയെന്നും സുധീർ ചോദിച്ചു.
നാല് കിലോമീറ്റർ അപ്പുറമുള്ള ഗ്രാമത്തിലുള്ളവരാണ് പ്രശ്നത്തിൽ ഉണ്ടായിരുന്നത്. ഇവർ സ്വാധീനിച്ചിട്ടാണ് പരാതി നൽകിയതെന്ന് പരാതിക്കാരൻ പിന്നീട് പറഞ്ഞു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതായിട്ടാണ് തോന്നുന്നത്. അവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല. പ്രശ്നത്തിൽ സ്ഥലത്തെ എംഎൽഎ തന്നെ വന്നു മാപ്പു പറഞ്ഞതായി അഭിഭാഷകർ പറഞ്ഞു. തങ്ങളെ സഹായിക്കാൻ നാഗ്പൂരിലിൽ നിന്നുവന്ന സുഹൃത്തുക്കൾക്കെതിരെപോലും എഫ്ഐആറിട്ട് കേസെടുത്തു. അവരെ മർദിക്കുകയും കണ്ണട അടിച്ചുപൊട്ടിക്കുകയും ചെയ്തു. അവരോട് പണം ആവശ്യപ്പെടുകപ്പോലും ചെയ്തു. ഇത്രയും ഭീകരമായ അന്തരീക്ഷം ഗൗരവമായി കാണേണ്ട ഒന്നാണ്.
അക്രമിച്ചവർ ബജ്റംഗ് ദൾ പ്രവർത്തകരാണ് എന്നാണ് പൊലീസ് പറഞ്ഞത്. അവരുടെ സമ്മർദ്ദം മൂലമാണ് എഫ്ഐആറിട്ടതെന്നാണ് പൊലീസ് പറഞ്ഞത്. എനിക്ക് വേണ്ടിയാണ് ബർത്തഡേ ആഘോഷം 28 തീയതിലെ ആഘോഷം 30ലേക്ക് മാറ്റിയതെന്നും അതുകൊണ്ടാണ് പോയതും വൈദികൻ പറഞ്ഞു.
മുൻപും ഭീഷണികൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വൈദികർക്കും, കന്യാസ്ത്രീകൾക്കു ഇത്തരം അക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ഇത് കഠിനമായി തീരുകയാണ് ചെയ്യുന്നത്. പ്രതികരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കുപോലും ധൈര്യമില്ല. എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിൽപോയി ഹാജരാകണം എന്നാണ് ജാമ്യത്തിലെ ഉപാധി. അതേ സ്റ്റേഷനിൽ തന്നെ പോവുക എന്നത് വെല്ലുവിളി തന്നെയാണ്. താൻ താമസിക്കുന്ന സ്ഥലത്ത് ഇത്തരം പ്രശ്നങ്ങളില്ല. ഇവിടെ നിന്നും സംഭവം നടന്ന സ്ഥലത്തേക്ക് 130 കിലോമീറ്റർ ദൂരമുണ്ടെന്നും സുധീർ പറഞ്ഞു.
നാഗ്പൂർ മിഷനിലെ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയും രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവർ ക്രിസ്മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ പോയത്. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദർ സുധീർ തിരുവനന്തപുരം അമരവിള സ്വദേശിയാണ്. നേരത്തെ മറ്റ് സംസ്ഥാനങ്ങളിലും മലയാളി വൈദികരെയും കന്യാസ്ത്രീകളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16

