വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക.
ഉത്സവ പ്രതീതിയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ് ചടങ്ങുകള്‍ നടക്കുക. 10.30ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി എംഎസ്സിയുടെ കൂറ്റന്‍ കപ്പലായ സെലസ്റ്റിനോ മരസ്കായെ ബര്‍ത്തിലെത്തി സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിക്കുന്ന മോദി 11 മണിക്ക് പൊതു സമ്മേളനവേദിയിലെത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വിഎന്‍ വാസവന്‍, സജി ചെറിയാന്‍, ജി ആര്‍ അനില്‍, ഗൌതം അദാനി, കരണ്‍ അദാനി ഉല്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിട്ടു നില്‍ക്കും. പൊതു ജനത്തിന് രാവിലെ 7 മണി മുതല്‍ 9.30 വരെ പ്രവേശനം ലഭിക്കും. രാവിലെ 6 മുതല്‍ ഉച്ചക്ക് 2 മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്. കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് 12.30ക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാവും. ശേഷം പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലേക്ക് മടങ്ങും.
Adjust Story Font
16

