രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ബിജെപി പിന്തുണച്ചില്ലെന്ന് പ്രിൻ്റു മഹാദേവ്
പാർട്ടി ശക്തമായി പ്രതിരോധിക്കണമെന്ന് ശങ്കു ടി. ദാസും പാനലിസ്റ്റ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു

പ്രിൻ്റു മഹാദേവ്-രാഹുൽ ഗാന്ധി Photo| Facebook
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ബിജെപി പിന്തുണച്ചില്ലെന്ന് പ്രിൻ്റു മഹാദേവ്. ബിജെപി പാനലിസ്റ്റ് ഗ്രൂപ്പിലാണ് പ്രിന്‍റുവിന്‍റെ വിമർശനം. സ്കൂളിലേക്കും വീട്ടിലേക്കും വരെ കോൺഗ്രസുകാർ മാർച്ച് നടത്തിയെന്നും പാർട്ടി പിന്തുണയ്ക്കാത്തതിൽ നിരാശയെന്നും പ്രിന്‍റു പറയുന്നു. പാർട്ടി ശക്തമായി പ്രതിരോധിക്കണമെന്ന് ശങ്കു ടി. ദാസും പാനലിസ്റ്റ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു. പരസ്യമായ ഫേസ്ബുക്ക് പോസ്റ്റുമായി യുവരാജ് ഗോകുലും രംഗത്തെത്തി.
അതിനിടെ കൊലവിളി പരാമർശം നടത്തിയ കേസിൽ പ്രിന്‍റു മഹാദേവിനെ തേടി ബിജെപി നേതാവിന്‍റെ വീട്ടിൽ റെയ്‌ഡ് നടക്കുകയാണ്. ബിജെപി നേതാവ് സുരേന്ദ്രൻ ഐനിക്കുന്നത്തിന്‍റെ വീട്ടിൽ ആണ് പൊലീസ് പരിശോധന. കോൺഗ്രസ് നേതാവിന്‍റെ പരാതിയിൽ തൃശ്ശൂർ പേരാമംഗലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചാനൽ ചർച്ചയിലാണ് പ്രിന്‍റു രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് വിഷയത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ പ്രാണകുമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പ്രിന്‍റുവിന്‍റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോൺഗ്രസ് നേതാവ് ശ്രീകുമാർ സിസി നൽകിയ പരാതിയിലാണ് തൃശ്ശൂർ പേരാമംഗലം പൊലീസ് പ്രിന്‍റുവിനെതിരെ കേസെടുത്തത്.
പ്രിന്‍റു ഒളിവിൽ ആണെന്നാണ് പൊലീസ് പറയുന്നത്. പ്രിന്‍റു ഒളിവിൽ കഴിയുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവിന്‍റെ വീട്ടിൽ രാവിലെ മുതൽ പൊലീസ് പരിശോധന നടത്തിയത്. ബിജെപി നേതാവ് സുരേന്ദ്രൻ ഐനികുന്നത്തിന്‍റെ നഗരത്തിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്. പരാമർശത്തിൽ പ്രതിഷേധിച്ച് പ്രിന്‍റുവിന്‍റെ തൃശൂരിലെ വീട്ടിലേക്ക് കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
അതേസമയം വധഭീഷണി സഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. അടിയന്തര പ്രമേയ നോട്ടീസിന് പ്രാധാന്യമില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിഷേധം ശക്തമായതോടെ സഭ പിരിയുന്നതായി സ്പീക്കർ അറിയിച്ചു. 26 ന് നടന്ന സംഭവത്തിൽ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് പ്രതിപക്ഷം ഉന്നയിച്ചില്ലെന്ന് മന്ത്രി പി.രാജീവ് ചോദിച്ചു. ഇതുവരെ ഒന്നും ചെയ്തില്ലെന്ന കുറ്റബോധമാണ് പ്രതിപക്ഷത്തിനെന്നും രാജീവ് പറഞ്ഞു. കേന്ദ്ര ഏജൻസികൾകളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്ന് സഭവിട്ടിറങ്ങിയശേഷം പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Adjust Story Font
16

