'പാർലമെന്ററി പദവികളിൽ മുസ്‌ലിംകൾക്ക് അർഹമായ പ്രാതിനിധ്യം വേണം'; പ്രിയങ്ക ഗാന്ധിയോട് ജിഫ്രി തങ്ങൾ
ജിഫ്രി തങ്ങളുടെ മരുമകൾ ഡിസൈൻ ചെയ്ത സാരി പ്രിയങ്കാ ഗാന്ധിക്ക് സമ്മാനിച്ചു

കൊണ്ടോട്ടി: പാർലമെന്ററി പദവികളിൽ മുസ്‌ലിംകൾക്ക് അർഹമായ പ്രാതിനിധ്യം വേണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ. തന്നെ സന്ദർശിച്ച പ്രിയങ്കാ ഗാന്ധിയോടാണ് ജിഫ്രി തങ്ങൾ ഈ ആവശ്യമുന്നയിച്ചത്. പ്രിയങ്ക ഗാന്ധിയോട് 15 മിനിറ്റോളം ജിഫ്രി തങ്ങൾ സംസാരിച്ചു. സമസ്തയുടെ നിവേദനം പ്രിയങ്കക്ക് ജിഫ്രി തങ്ങൾ കൈമാറി.
പാർലമെന്ററി പദവികളിലും എഐസിസി അടക്കമുള്ള പാർട്ടി പദവികളിലും മുസ്‌ലിംകൾക്ക് മാന്യമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ബിജെപി ഭരണത്തിൽ മുസ്‌ലിംകൾ കടുത്ത വിവേചനങ്ങൾക്ക് ഇരയാകുകയാണെന്നും വിവേചനം സ്ഥാപനവത്കരിക്കപ്പെട്ടെന്നും നിവേദനത്തിലുണ്ട്. സുരക്ഷാഭീതിയോടെ കഴിയുന്ന മുസ്‌ലിംകളുടെ നീതിക്കായി പോരാടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സമസ്തയുടെ ചരിത്രം വിശദീകരിക്കുന്ന കോഫി ടേബിൾ ബുക്കും പ്രിയങ്കാ ഗാന്ധിക്ക് ജിഫ്രി തങ്ങൾ നൽകി.
തന്നെ സന്ദർശിച്ച പ്രിയങ്ക ഗാന്ധിക്ക് ജിഫ്രി തങ്ങളുടെ മരുമകൾ സാരി സമ്മാനിച്ചു. ജിഫ്രി തങ്ങളുടെ രണ്ടാമത്തെ മകൻ ത്വാഹ ഹുസൈൻ ജിഫ്രിയുടെ ഭാര്യ ശരീഫ ഫജ്ർ ഡിസൈൻ ചെയ്ത സാരിയാണ് സമ്മാനിച്ചത്. ഇരുവരുടെയും മകൾ മീഫ മറിയത്തിന്റെ ജൻമദിനമായിരുന്ന ഞായറാഴ്ച. മീഫയ്ക്ക് പ്രിയങ്കാഗാന്ധി ജൻമദിനാശംസ നേർന്നു.
Adjust Story Font
16

