നിർമാതാവ് അനൂപ് കണ്ണന് 15 ലക്ഷം രൂപ നൽകണം; ബിജു മേനോന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കത്ത്
നഷ്ടം നികത്തിയില്ലെങ്കിൽ നടനുമായി സഹകരിക്കില്ലെന്നും കത്തിൽ പറയുന്നു

കൊച്ചി: നിർമാതാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ബിജു മേനോന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കത്ത്. നിർമാതാവ് അനൂപ് കണ്ണന് ബിജു മേനോൻ 15 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. നഷ്ടം നികത്തിയില്ലെങ്കിൽ നടനുമായി സഹകരിക്കില്ലെന്നും മാസങ്ങൾക്ക് മുന്‍പ് നൽകിയ കത്തിൽ പറയുന്നു.
നടന്‍ സിനിമയുടെ പ്രൊമോഷന് വരാത്തതിനാല്‍ 25 ലക്ഷം രൂപ നിര്‍മാതാവിന് നഷ്ടമായെന്നും ജിത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന്‍ പ്രമോഷന് പങ്കെടുത്തില്ലെന്നും സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു.
''മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടൻ പ്രമോഷന് ചെല്ലാത്തതുകൊണ്ട് സംവിധായകൻ കൂടിയായ ഒരു നിർമാതാവിന് 25 ലക്ഷം രൂപയാണ് ചാനലിൽ നിന്നും കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാൻ ഒരു മടിയുമില്ല'' എന്നാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്.
അതേസമയം പ്രൊമോഷനായി 10 ദിവസം നൽകാമെന്ന് കരാറിൽ ഒപ്പിട്ടിട്ടും ബിജു മേനോന്റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവും ഉണ്ടായില്ലെന്നായിരുന്നു അനൂപ് കണ്ണന്‍റെ ആരോപണം. ‘നടന്ന സംഭവം’ എന്ന സിനിമയുടെ പ്രചാരണത്തിനായി നടനെയോ മാനേജരെയോ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണം ലഭിച്ചില്ല. താരങ്ങളുടെ അഭിമുഖങ്ങളിലൂടെയാണ് സിനിമയ്ക്ക് കൂടുതൽ റീച്ച് ലഭിക്കുന്നത് എന്നതിനാലാണ് വലിയ പ്രതിഫലം നൽകി അവരെ കാസ്റ്റ് ചെയ്യുന്നതെന്നും, നീതി ലഭിക്കാത്ത സാഹചര്യത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബിജു മേനോനെതിരെ മുൻപും പരാതി ലഭിച്ചിരുന്നുവെന്ന് നിര്‍മാതാവ് ബി.രാകേഷ് പറഞ്ഞു. പ്രൊമോഷന് നടൻ എത്തുന്നില്ലെന്നായിരുന്നു പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജുവിന് കത്തയച്ചു. ഇത് ശരിയായ കീഴ്‍വഴക്കമല്ല, മോഹൻലാൽ ഉൾപ്പെടെ പ്രെമോഷന് പോകാറുണ്ട്. ഗൗരവകരമായി എടുത്തിട്ടുണ്ടെന്നും അമ്മക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

