Quantcast

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് നിരോധനാജ്ഞ

നിരോധനാജ്ഞയുടെ ഭാഗമായി ജില്ലയിൽ പടക്ക വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-05-02 13:54:39.0

Published:

2 May 2026 5:36 PM IST

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് നിരോധനാജ്ഞ
X

കോഴിക്കോട്: ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിൽ പടക്ക വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിലെ വിജയാഘോഷങ്ങൾക്ക് തടസമുണ്ടാകില്ലെങ്കിലും, ആഘോഷങ്ങൾ അതിരുവിട്ടാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, കോഴിക്കോട് ജെഡിടിയിലെ സ്ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതായി ജില്ലാ കലക്ടർ വ്യക്തമാക്കി. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികൾക്കെതിരെ യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ച ശേഷമാണ് ഈ വിശദീകരണം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകൾ സുരക്ഷിതമാണെന്നും വോട്ടിങ് മെഷീനുകളിൽ യാതൊരു വിധത്തിലുള്ള ക്രമക്കേടുകളും നടന്നിട്ടില്ലെന്നും കലക്ടർ പറഞ്ഞു.

കൊയിലാണ്ടി വരണാധികാരി സ്ട്രോങ്ങ് റൂമിന് സമീപം പോയത് ചട്ടപ്രകാരമുള്ള പതിവ് പരിശോധനയുടെ ഭാഗമാണെന്നും സുരക്ഷാ പരിധി ലംഘിച്ചിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂമാണെന്നും ഇവിഎം സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്നും കലക്ടർ വിശദീകരിച്ചു. ഈ സാഹചര്യത്തിൽ പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും അവർക്കെതിരെ മറ്റ് നടപടികൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന യുഡിഎഫിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. നിലവിലെ നിയമപ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വിവിപാറ്റുകൾ മാത്രമേ എണ്ണുകയുള്ളൂ. പ്രത്യേകമായ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രമേ കൂടുതൽ വിവിപാറ്റുകൾ എണ്ണുന്നത് പരിഗണിക്കുകയുള്ളൂ എന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

TAGS :

Next Story