വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ സമ്മേളനം; പ്രമുഖ സുന്നീ സംഘടനാ നേതാക്കൾ വിട്ടുനിന്നു
സമ്മേളനത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന സംശയങ്ങളെത്തുടർന്നാണ് സംഘടനകളുടെ പിന്മാറ്റം.

കൊച്ചി: വഖഫ് നിയമ ഭേദഗതിക്കെതിരെ ജംഇയ്യത്തുൽ ഉലമ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന വഖഫ് സമ്മേളനത്തിൽനിന്ന് പ്രമുഖ സുന്നീ സംഘടനാ നേതാക്കൾ വിട്ടുനിന്നു. കോഡിനേഷൻ കമ്മിറ്റിയിൽ അംഗങ്ങളായ നാല് സുന്നി സംഘടനകളിൽ മൂന്ന് സംഘടനാ നേതാക്കളും പങ്കെടുത്തില്ല.
സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി നജീബ് മൗലവി എന്നിവരാണ് വിട്ടുനിന്നത്. ഉദ്ഘാടകനായിരുന്ന ജിഫ്രി തങ്ങൾ പരിപാടിയിൽ വീഡിയോ സന്ദേശം നൽകി. സമ്മേളനത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന സംശയങ്ങളെത്തുടർന്നാണ് സംഘടനകളുടെ പിന്മാറ്റം.
ലീഗിനെ മാറ്റിനിർത്തി കാന്തപുരം എ.പി വിഭാഗവും സമസ്തയിലെ സിപിഎം അനുകൂലികളും ചേർന്ന് രാഷ്ട്രീയ താത്പര്യം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു. മറ്റൊരു പരിപാടി ഉള്ളതിനാലും ആരോഗ്യാവസ്ഥ മോശമായതിനാലുമാണ് നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് ജിഫ്രി തങ്ങളുടെ വിശദീകരണം. പാണക്കാട് സാദിഖലി തങ്ങളെ പങ്കെടുപ്പിക്കാത്ത സാഹചര്യത്തിൽ താൻ പങ്കെടുക്കില്ലെന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി രാവിലെ അറിയിച്ചിരുന്നു.
സാദിഖലി തങ്ങളെ ഒഴിവാക്കുന്ന സാഹചര്യം വന്നതോടെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉൾപ്പെടെ ഇടപെട്ട് ജിഫ്രി തങ്ങളോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പരിപാടിക്ക് പിന്നിൽ സിപിഎം താത്പര്യമുണ്ടെന്നും ലീഗിനെയും യുഡിഎഫിനേയും ബാധിക്കുമെന്നുമായിരുന്നു നേതാക്കളുടെ വിലയിരുത്തൽ. തുടർന്നാണ് നേരിട്ട് പങ്കെടുക്കാതെ ജിഫ്രി തങ്ങൾ വീഡിയോ സന്ദേശം നൽകിയത്.
Adjust Story Font
16

