വീട്ടുവേലക്കെത്തിച്ച ഏഴ് വയസുകാരിയുടെ കൊലപാതകം; വിധി തട്ടിക്കൂട്ടിയത്, പ്രതികളെ വെറുതെവിട്ടതിന് എതിരെ പ്രോസിക്യൂട്ടർ
പ്രതികളെ വെറുതെവിടണമെന്ന മുൻകൂട്ടിയുള്ള ഉദ്ദേശത്തോടെ തട്ടിക്കൂട്ടി ഉണ്ടാക്കിയ വിധിയാണിതെന്ന് പ്രോസിക്യൂട്ടർ അഡ്വ. ജമുന മീഡിയവണിനോട് വെളിപ്പെടുത്തി

കൊച്ചി: തമിഴ്‌നാട്ടിൽ നിന്ന് വീട്ടുവേലയ്ക്ക് എത്തിച്ച ഏഴ് വയസുകാരി അതിക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ട കേസിൽ മൂവാറ്റുപുഴ പോക്സോ കോടതി വിധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രംഗത്ത്. മുഴുവൻ പ്രതികളെയും വെറുതെവിട്ടതിനെതിരെയാണ് പ്രോസിക്യൂട്ടർ രംഗത്തെത്തിയത്. പ്രതികളെ വെറുതെവിടണമെന്ന മുൻകൂട്ടിയുള്ള ഉദ്ദേശത്തോടെ തട്ടിക്കൂട്ടി ഉണ്ടാക്കിയ വിധിയാണിതെന്ന് പ്രോസിക്യൂട്ടർ അഡ്വ. ജമുന മീഡിയവണിനോട് വെളിപ്പെടുത്തി.
ജൂൺ ഒന്നിന് കുടുംബകോടതിയിലേക്ക് സ്ഥലംമാറി പോകാനിരുന്ന ജഡ്ജി മഹേഷ്, മെയ് 30-ന് അതീവ തിടുക്കത്തിലാണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്. സ്ഥലംമാറി പോകുന്നതിന് മുമ്പ് പ്രതികളെ എങ്ങനെയെങ്കിലും കുറ്റവിമുക്തരാക്കണമെന്ന് ജഡ്ജിക്ക് താല്പര്യമുണ്ടായിരുന്നു. വിധിന്യായം പോലും തട്ടിക്കൂട്ടിയുണ്ടാക്കിയതാണ്. കുറ്റപത്രം സമർപ്പിച്ച ഉദ്യോഗസ്ഥന്റെ പേര് പോലും വിധിന്യായത്തിൽ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പ്രോസിക്യൂട്ടർ ആരോപിച്ചു.
2011 ഫെബ്രുവരിയിലാണ് കേരളത്തെ നടുക്കിയ ഈ കൊലപാതകം നടക്കുന്നത്. വിദ്യാഭ്യാസം നൽകാമെന്ന് പറഞ്ഞ് കേരളത്തിലെത്തിച്ച ഏഴ് വയസുകാരിയെ ആലുവ അശോകപുരത്തെ അഭിഭാഷകനായ ജോസ് കുര്യൻ, ഭാര്യ സിന്ധു എന്നിവരുടെ വീട്ടിൽ വീട്ടുവേലയ്ക്ക് നിർത്തുകയായിരുന്നു. ഇവരുടെ ക്രൂരമർദനത്തെ തുടർന്ന് ശരീരമാസകലം 57-ഓളം മുറിവുകളും ഗുരുതരമായ പൊള്ളലുകളുമേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെച്ചാണ് മരണപ്പെടുന്നത്.
കേസിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും കുട്ടിയുടെ ശരീരത്തിലെ അതിക്രൂരമായ മുറിവുകളുടെ ഫോട്ടോഗ്രാഫുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കുട്ടി ആ വീട്ടിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട അയൽവാസികളുടെ മൊഴികളും, വീട്ടിലെ വളർത്തുനായയെ നോക്കാൻ വന്ന ഡോക്ടർ നൽകിയ കൃത്യമായ മൊഴിയും കോടതി മുഖവിലയ്ക്കെടുത്തില്ല. പ്രതികൾ ഉന്നതരായതുകൊണ്ട് അവർ തെറ്റ് ചെയ്യില്ലെന്ന ധാരണയിലാകാം കോടതി ഇത്തരമൊരു നിലപാടെടുത്തതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. പ്രാഥമിക ഘട്ടം മുതൽ അന്വേഷണത്തിൽ പൊലീസിനും വലിയ വീഴ്ചകൾ പറ്റിയിട്ടുണ്ട്. ഈ അന്യായമായ വിധിക്കെതിരെ ഉടൻ തന്നെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും പ്രോസിക്യൂട്ടർ ജമുന വ്യക്തമാക്കി.
Adjust Story Font
16

