സുരക്ഷാ വീഴ്ചയില്ലെന്ന പരാമർശം; കോവൂർ കുഞ്ഞുമോൻ എംഎൽഎയെ കൂവി വിളിച്ച് നാട്ടുകാരുടെ പ്രതിഷേധം
കെഎസ്ഇബിയും വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും എംഎൽഎ പറഞ്ഞു.

കൊല്ലം: വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ പ്രതിഷേധം. സുരക്ഷാ വീഴ്ചയുണ്ടായില്ലെന്ന പരാമർശത്തിലാണ് പ്രതിഷേധം. എംഎൽഎയെ നാട്ടുകാർ കൂവി വിളിച്ചു. വാഹനത്തിൽ കയറുന്നതിനിടെയാണ് കൂവി വിളിച്ചത്. എംഎൽഎ എത്താൻ വൈകിയെന്നും നാട്ടുകാർ ആരോപിച്ചു.
എന്നാൽ താൻ തിരുവനന്തപുരത്ത് ആയിരുന്നു എന്നാണ് എംഎൽഎയുടെ വിശദീകരണം. പിന്നീട് ആശുപത്രിയിലും മരിച്ച കുട്ടിയുടെ വീട്ടിലും എത്തി ആവശ്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അപകടസ്ഥലത്ത് ഷോ കാണിക്കാൻ താനുണ്ടായിട്ടില്ല എന്നത് ശരിയാണ്. കെഎസ്ഇബിയും വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും എംഎൽഎ പറഞ്ഞു.
തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ ആണ് ഷോക്കേറ്റ് മരിച്ചത്. കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.
Adjust Story Font
16

