എറണാകുളം പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കലിനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് താമസക്കാർ; പ്രതിഷേധം തുടരുന്നു
മരിക്കേണ്ടിവന്നാലും ഇവിടെനിന്നും ഒഴിഞ്ഞുകൊടുക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

കൊച്ചി: എറണാകുളം വാഴക്കുളം പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിനെത്തിയ അഭിഭാഷക കമ്മീഷനെ താമസക്കാർ തടഞ്ഞു. പ്രതിഷേധത്തിനിടെ ഒരു സ്ത്രീയും കുട്ടിയും കുഴഞ്ഞുവീണു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
'അഭിഭാഷക കമ്മീഷൻ ഗോബാക്ക്' വിളികളോടെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസിന്റെ സഹായത്തോടെ അഭിഭാഷക കമ്മീഷൻ അകത്തുകയറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരടി മുന്നോട്ടുകടക്കാൻ പോലും താമസക്കാർ അനുവദിക്കാതിരുന്നതോടെ അഭിഭാഷക കമ്മീഷൻ മടങ്ങി. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണവരെ ആശുപത്രിയിലേക്ക് മാറ്റാൻ ആദ്യം പ്രതിഷേധക്കാർ തയാറായില്ല.
മരിക്കേണ്ടിവന്നാലും ഇവിടെനിന്നും ഒഴിഞ്ഞുകൊടുക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. അഞ്ച് തലമുറയായി തങ്ങൾ ഇവിടെ ജീവിച്ചുവരുന്നവരാണെന്ന് താമസക്കാർ പറയുന്നു. ഒഴിപ്പിക്കാൻ വന്നാൽ ഇനിയും തടയും. നിരവധി രോഗികളുണ്ട് ഇവിടെ. എന്തുവന്നാലും തങ്ങൾ ഇറങ്ങിപ്പോവില്ലെന്നും പോവാൻ മറ്റൊരിടമില്ലെന്നും താൻ 1967ൽ ഇവിടെ വന്നതാണെന്നും താമസക്കാരിൽ ഒരാളായ വയോധിക മീഡിയവണിനോട് പറഞ്ഞു.
കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സമരസമിതി അറിയിച്ചു. രണ്ടാഴ്ച സമയം വേണമെന്ന് അഭിഭാഷക കമ്മീഷനെ അറിയിച്ചെങ്കിലും അവരതിന് തയാറായില്ലെന്നും ഇവർ പറയുന്നു.
Adjust Story Font
16