മുന്‍ എസ്എഫ്‌ഐ നേതാവിന് വഴിവിട്ട നിയമന ശിപാർശ; പിഎസ്‌സിക്കെതിരെ വീണ്ടും പരാതി
പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍ ബൈജു പങ്കെടുത്ത അഭിമുഖ പരീക്ഷയില്‍ ക്രമവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം

തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ നേതാവിന് വഴിവിട്ട നിയമന ശിപാര്‍ശ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സിക്കെതിരെ വീണ്ടും പരാതി. മഹാരാജാസ് കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.ജെ ജിതിന്റെ നിയമന ശിപാര്‍ശയിലാണ് പരാതി. പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍ ബൈജു പങ്കെടുത്ത അഭിമുഖ പരീക്ഷയില്‍ ക്രമവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം. സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. ജിതിന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പരാതിയിലുണ്ട്.
ഗ്രേസ് മാര്‍ക്കോടെ മൂന്നാം ക്ലാസില്‍ ബികോം പാസായ വ്യക്തിയാണ് ജിബിന്‍. പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍, ഹൈക്കോടതി അസിസ്റ്റന്റുകളെയും ഗവണ്‍മെന്റ് ഓഡിറ്റര്‍മാരെയും ഉള്‍പ്പെടെ പിന്തള്ളിയാണ് ഇയാള്‍ ഒന്നാം റാങ്കിലെത്തിയത്. പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍ ബൈജു നേരിട്ട് പങ്കെടുത്ത ഇന്റര്‍വ്യൂവിലാണ് ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കിയതെന്ന് പ്രധാന ആക്ഷേപമായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. വിജ്ഞാപനം മുതല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെയുള്ള നടപടികള്‍ വളരെ വേഗത്തിലാക്കിയതിലും ദുരൂഹതയുണ്ടെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ മുന്‍ ചെയര്‍മാന്‍ എം.കെ സക്കീറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് പരീക്ഷ നടക്കുമ്പോള്‍ എം.കെ സക്കീറായിരുന്നു പിഎസ്‌സി ചെയര്‍മാന്‍. ഈ പരീക്ഷയിലുണ്ടായ ക്രമക്കേടുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
Adjust Story Font
16

