Quantcast

പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ല: പ്രതിഷേധവുമായി വീണ്ടും ഉദ്യോഗാർത്ഥികൾ

പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി വീണ്ടും നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‌ നിയമസഭയിൽ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    22 July 2021 7:36 AM GMT

പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ല:  പ്രതിഷേധവുമായി വീണ്ടും ഉദ്യോഗാർത്ഥികൾ
X

പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി വീണ്ടും നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‌ നിയമസഭയിൽ അറിയിച്ചു. ഉദ്യോഗാർഥികളോട് സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ അനിശ്ചിതകാല സമരം നടത്താനാണ് എൽ.ഡി.സി ഉദ്യോഗാർഥികളുടെ തീരുമാനം.

ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന 493 റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്. കാലാവധിക്കുള്ളിൽ മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയാണ് സർക്കാർ ലക്ഷ്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമന നടപടികൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ റാങ്ക് പട്ടികകളുടെ കാലാവധി വീണ്ടും നീട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം തുടങ്ങുമെന്ന് എൽ.ഡി.സി ഉദ്യോഗാർഥികൾ അറിയിച്ചു.

TAGS :

Next Story