'കുട്ടി ചെരുപ്പെടുത്ത് ഇറങ്ങുന്നതിനിടെ കാല് തെറ്റി ലൈൻ കമ്പിയിൽ കയറിപ്പിടിച്ചതാണ്...'; അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ലൈൻ കമ്പി ഷെഡിന് മുകളിലൂടെ പോകുന്നത് വാക്കാൽ കെഎസ്ഇബിയെ അറിയിച്ചതാണെന്നും സ്കൂള്‍ പിടിഎ പ്രസിഡന്റ് ജോസ് ആന്റണി

കൊല്ലം: കൊല്ലത്ത് സ്‌കൂളിൽ വെച്ച് എട്ടാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചത് ചെരിപ്പെടുത്ത് ഇറങ്ങുന്നതിനിടെ കാൽ തെറ്റി ലൈൻ കമ്പിയിൽ പിടിച്ചതാണെന്ന് സ്‌കൂൾ പിടിഎ പ്രസിഡന്റ് ജോസ് ആന്റണി.
'രാവിലെ 9.15 നും 9.30 ഇടക്കാണ് അപകടം നടന്നത്. സ്‌കൂൾ ബസിന്‍റെ ആദ്യത്തെ ട്രിപ്പില്‍ എത്തിയ കുട്ടികളിലൊരാളാണ് മരിച്ച മിഥുൻ. സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ ഒരു കുട്ടി മറ്റൊരു കുട്ടിയുടെ ചെരിപ്പ് എടുത്തെറിഞ്ഞു. അവിടെയുണ്ടായിരുന്ന ഷെഡിന് മുകളിലേക്കാണ് ചെരിപ്പ് വീണത്. ഇതെടുക്കാനായി മിഥുൻ ക്ലാസിന്റെ അകത്ത് കയറി ഭിത്തിയിലൂടെ ചവിട്ടി ഷീറ്റിന് മുകളിലേക്ക് ഇറങ്ങുകയായിരുന്നു'.ചെരിപ്പ് എടുത്ത് ഇറങ്ങുന്നതിനിടെ കാല് തെറ്റിയപ്പോൾ ലൈൻ കമ്പിയിൽ പിടിക്കുകയായിരുന്നുവെന്നും ജോസ് ആന്റണി മീഡിയവണിനോട് പറഞ്ഞു.
ലൈൻ കമ്പി ഷെഡിന് മുകളിലൂടെ പോകുന്നത് വാക്കാൽ കെഎസ്ഇബിയെ അറിയിച്ചതാണ്. ഉടൻ തന്നെ പരിഹരിക്കുമെന്ന് അവർ ഉറപ്പ് നൽകിയിരുന്നു. കേബിളുകൾ മാറ്റുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലാണ് 13കാരന്‍ ഷോക്കേറ്റ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ആണ് മരിച്ചത്. സ്കൂളിലെ ഷീറ്റിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. സ്കൂൾ കെട്ടിടത്തോട് വൈദ്യുതിലൈൻ താഴ്ന്നു കിടക്കുന്നെന്ന്നാട്ടുകാർ പലവട്ടം പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്.
അതേസമയം, സംഭവത്തില്‍ സ്കൂളിനെതിരെയും കെഎസ്ഇബിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്തെത്തി. വർഷങ്ങളായി കെഎസ്ഇബി ലൈൻ ഇതിലൂടെ കടന്നുപോകുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോഴാണ് ത്രീഫേസാക്കിയത്. അപകടം നടന്നപ്പോഴാണ് ഇതിനെക്കുറിച്ച് ആരെങ്കിലും ശ്രദ്ധിക്കുന്നതെന്ന് നാട്ടുകാര്‍ മീഡിയവണിനോട് പറയുന്നു. കെഎസ്ഇബി ലൈനിനിന് കീഴെ ഷീറ്റിട്ടത് തന്നെ തികഞ്ഞ അനാസ്ഥയാണ്. അടുത്തിടെയാണ് ഷീറ്റുകൊണ്ട് സ്കൂള്‍ ഷെഡ് നിര്‍മിച്ചത്. കെഎസ്ഇബിക്കും സ്കൂളിനും വീഴ്ച പറ്റിയിട്ടുണ്ടെന്നും കൊലക്കുറ്റം ചുമത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16

