പ്രദേശവാസികളുമായി കൂടിയാലോചിക്കാതെ റോഡിന് സ്ഥലം നിശ്ചയിച്ചു; അപ്രോച്ച് റോഡിനായുള്ള സർവേ തടഞ്ഞ് നാട്ടുകാർ
മുഖ്യമന്ത്രിയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പാളയം കല്ലിനോത്ത് കടവിൽ പാലം നിർമിക്കുന്നത്

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി പുഴയോട് ചേർന്നുള്ള അപ്രോച്ച് റോഡിനായുള്ള സർവെ നാട്ടുകാർ തടഞ്ഞു. പ്രദേശവാസികളുമായി കൂടിയാലോചിക്കാതെ റോഡിന് സ്ഥലം നിശ്ചയച്ചതിനെ തുടർന്നാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പാളയം കല്ലിനോത്ത് കടവിൽ പാലം നിർമ്മിക്കുന്നത്. പാളയം ഭാഗത്തെ ജനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി റോഡിൻ്റെ അലൈൻമെന്റ് തയ്യാറാക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.
റോഡിൻ്റെ സർവെയ്ക്ക് മുൻപ് അലൈൻമെൻ്റിൻ്റെ രേഖയും ജനങ്ങൾക്ക് നൽകിയിരുന്നില്ല. ഇതാണ് പദ്ധതി സംബന്ധിച്ച് നാട്ടുകാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചത്. അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നത് കാരണം വീടും സ്വത്തും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പോലും യാതൊരു വിവരവും പ്രദേശവാസികൾക്ക് നൽകിയിരുന്നില്ലെന്നാണ് ആക്ഷേപം. പദ്ധതിക്ക് തങ്ങളാരും എതിരല്ലെന്നും ആശങ്ക അകറ്റിയാൽ സഹകരിക്കാമെന്നും നാട്ടുകാർ വാഗ്ദാനം നൽകുന്നുണ്ട്. പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അപ്രോച്ച് റോഡിനായി ജനവാസ മേഖലകൾ ഒഴിവാക്കിക്കൊണ്ടുള്ള ബദൽ ആശയം ജനങ്ങൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ചിട്ടുണ്ട്. നാട്ടുകാരുടെ ആശങ്ക അകറ്റി മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

