പുതുപ്പള്ളി: കോൺഗ്രസിന്റെ ഇലക്ഷൻ മാനേജ്‌മെന്റിന്റെ കൂടി വിജയം

കോൺഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വി.ഡി.സതീശന്റെ പ്രാമുഖ്യം കൂടുതൽ ഉറപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയം.

MediaOne Logo

രാഷ്ട്രീയകാര്യ ലേഖകന്‍

  • Updated:

    2023-09-10 06:06:44.0

Published:

10 Sep 2023 4:57 AM GMT

Puthuppally election result analysis
X

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിച്ച ഘടകങ്ങൾ എന്തൊക്കെ എന്നതിനെക്കുറിച്ച വിശകലനങ്ങളിലാണ് ഇപ്പോൾ കേരള രാഷ്ട്രീയം. സഹതാപ തരംഗമാണോ ഭരണ വിരുദ്ധ വികാരമാണോ എന്ന തർക്കം ഉയരുന്നത് അതിന്റെ ഭാഗമാണ്. ഈ രണ്ട് ഘടകങ്ങൾക്കപ്പുറം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരീക്ഷിച്ച സവിശേഷമായ ഇലക്ഷൻ മാനേജ്‌മെന്റ് രീതികളും പുതുപ്പള്ളിയിൽ ഫലം കണ്ടു എന്ന് കാണാൻ കഴിയും. ഉമ്മൻചാണ്ടി തരംഗമാണെങ്കിലും ഭരണ വിരുദ്ധ വികാരമാണെങ്കിലും അതിനെ പരമാവധി വോട്ടാക്കി മാറ്റിയത് പുതുപ്പള്ളിയിൽ കോൺഗ്രസ് നടപ്പാക്കിയ ഇലക്ഷൻ മാനേജ്‌മെന്റ് സംവിധാനമാണ്. തൃക്കാക്കരയിൽ പരീക്ഷിച്ച് വിജയിച്ച സംവിധാനം പുതുപ്പള്ളിയിലും നടപ്പാക്കിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ നേതൃത്വത്തിലാണ്. നേതാക്കളുടെ നിയന്ത്രണം എന്നതിൽ നിന്ന് മാറി പാർട്ടിയുടെ നിയന്ത്രണത്തിലാണ് പുതുപ്പള്ളിയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടന്നത്. അനുശോചന പരിപാടികൾക്ക് ശേഷം പുതുപ്പള്ളിയിൽ നേരിട്ടെത്തി വി.ഡി.സതീശൻ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തുടങ്ങി

ഉമ്മൻ ചാണ്ടി മരിച്ച് ദിവസങ്ങൾക്കകം പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളുടെയും ചുമതല മുതിർന്ന നേതാക്കൾക്ക് വിഭജിച്ച് നൽകിയിരുന്നു. പിന്നീട് 182 ബൂത്തുകൾക്കും മണ്ഡലത്തിന് പുറത്ത് നിന്നുള്ള ചുമതലക്കാരെ നിശ്ചയിച്ചു. ഇവർക്ക് മുഴുദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പുറത്ത് നിന്നുള്ളവർ ബൂത്ത് പ്രസിഡന്റുമാരെ നിയന്ത്രിക്കുന്നത് ചില അസ്വസ്ഥതകൾ ഉണ്ടാക്കിയെങ്കിലും പിന്നീട് എല്ലാവരും സഹകരിച്ചു. നേരത്തേയുള്ള ബൂത്ത് കമ്മിറ്റികളൊന്നും ഫലപ്രദമല്ലായിരുന്നതിനാൽ ചുമതലക്കാർക്ക് നല്ല പോലെ അധ്വാനിക്കേണ്ടി വന്നു. ചുമതലക്കാരിൽ പലരും പുതുപ്പള്ളിയിൽ താമസിച്ച് തന്നെ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ എം.പിമാരും എം.എൽ.എമാരും അടക്കമുള്ളവർ ഓരോ പഞ്ചായത്തിലും മേൽനോട്ടത്തിനായി എത്തി.വിട്ടുവീഴ്ചയില്ലാത്ത സമീപനം

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ഏർപ്പെടുത്തിയ സംവിധാനം പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതും കണിശവുമായ നിലപാട് നേതൃത്വം പുലർത്തി. വീഴ്ച വരുത്തിയ ചുമതലക്കാരെയും ബൂത്ത് പ്രസിഡന്റുമാരെയും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും നേരിട്ട് വിളിച്ച് കാര്യമന്വേഷിച്ചു. ഇതോടെ കാര്യങ്ങൾക്ക് താളവും വേഗവും കൈവന്നു. വീടുകയറി വോട്ടു ചോദിക്കുന്ന സ്‌ക്വാഡ് പ്രവർത്തനം ഫലപ്രദമായി നടത്താൻ യു.ഡി.എഫിന് കഴിഞ്ഞു. ഒരു ബൂത്തിൽ നാലു മുതൽ ആറു വരെ സംഘങ്ങളാണ് സ്‌ക്വാഡ് വർക്കിന് നിശ്ചയിക്കപ്പെട്ടത്. സ്‌ക്വാഡ് പ്രവർത്തനത്തിലെ വീഴ്ച പരിശോധിക്കാൻ വേറെയും സംവിധാനമുണ്ടാക്കി.

പുതുപ്പള്ളിയിൽ ഒരിക്കലും നടന്നിട്ടില്ലാത്ത തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് യു.ഡി.എഫ് നടത്തിയത്. ഒരു ചിട്ടയും പാലിക്കാത്ത മുൻകാലങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു അത്. കെ.പി.സി.സി പ്രസിഡന്റ് മുതൽ എം.എൽ.എമാർ വരെ വരേണ്ടതും പോകേണ്ടതുമായ സ്ഥലം കൃത്യമായി അറിയിച്ചാണ് എല്ലാ പരിപാടികളും ക്രമീകരിച്ചത്. നേതാക്കൻമാരെ അവരുടെ കഴിവും ശേഷിയും കണക്കിലെടുത്ത് പ്രചാരണത്തിന് ഉപയോഗിക്കുന്നതിലും പ്രത്യേക ശ്രദ്ധയുണ്ടായി.

കുടുംബയോഗവും റോഡ്‌ഷോയും

പൊതുയോഗങ്ങളേക്കാൾ കുടുംബയോഗങ്ങൾക്ക് വലിയ പ്രാധാന്യം നൽകി. കെ. സുധാകരൻ നൂറോളം കുടുംബയോഗങ്ങൾ നടത്തി. കേരളത്തിലെ ഔദ്യോഗിക നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി തരൂരിനെയും വ്യത്യസ്ത രീതിയിൽ പ്രചാരണത്തിന് ഉപയോഗിച്ചു. പാമ്പാടിയിൽ തരൂരിന്റെ റോഡ് ഷോ കൊട്ടിക്കലാശത്തിന് തലേന്ന് നടത്തിയത് വലിയ ശ്രദ്ധ പിടിച്ചുപറ്റി. എ.കെ ആന്റണിയുടെ രണ്ട് പൊതുയോഗങ്ങളും തെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കാൻ മാത്രം ശക്തിയുള്ളതായിരുന്നു. ചുമതലകൾ ആരുടെയെങ്കിലും തലയിൽ വെച്ച് ബാക്കിയുള്ളവർ മാറി നിൽക്കുന്ന കോൺഗ്രസിലെ രീതി പുതുപ്പള്ളിയിൽ ഉണ്ടായില്ല. പല നേതാക്കൾക്കും ഇത് പുതിയ അനുഭവമായിരുന്നു. ഏൽപ്പിക്കപ്പെട്ട ജോലി മാത്രം ചെയ്താൽ മതിയെന്നത് കൊണ്ട് മറ്റു ടെൻഷനുകളുണ്ടായില്ലെന്നാണ് ഒരു കെ.പി.സി.സി ഭാരവാഹി പ്രതികരിച്ചത്. തൃക്കാക്കരക്ക് പിറകേ പുതുപ്പള്ളിയിലും പ്രയോഗിച്ച് വിജയിച്ച ഇലക്ഷൻ മാനേജ്‌മെന്റ് സംവിധാനം വി.ഡി സതീശന് പാർട്ടിയിൽ കൂടുതൽ ശക്തി നൽകുമെന്ന് ഉറപ്പാണ്.

പാമ്പാടിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിയന്ത്രിച്ച ജ്യോതികുമാർ ചാമക്കാലയും കുടുംബയോഗങ്ങളുടെ ചുമതല നിർവഹിച്ച പി.എം നിയാസും വിശ്രമമില്ലാത്ത ജോലിയിലായിരുന്നു. ഈ സമയത്ത് വി.ഡി സതീശനടക്കമുള്ള നേതാക്കൾ കോട്ടയം കേന്ദ്രീകരിച്ച് സോഷ്യൽ എഞ്ചിനീയറിങ് തന്ത്രങ്ങളിൽ മുഴുകി. സഭാ ഗ്രൂപ്പുകൾക്ക് പുറമേ വിവിധ ദലിത് സമുദായ സംഘടനകളേയും മറ്റും നിരന്തരം പിന്തുടർന്ന് ഒപ്പം നിർത്താനുള്ള ശ്രമങ്ങളുണ്ടായി. പുതുപ്പള്ളിയിൽ നിന്നും ഏഴു കിലോമീറ്റർ അകലെ കോട്ടയം നഗരത്തിൽ താമസിച്ചാണ് വി.ഡി സതീശൻ ദൗത്യം ഏകോപിപ്പിച്ചത്. ദിവസവും രണ്ടര മണിക്കൂർ വരെ നീളുന്ന അവലോകന യോഗങ്ങൾ കാര്യങ്ങളുടെ ഗൗരവം കൂട്ടി.പ്രചാരണത്തിനിടെ യാദൃശ്ചികമായി ഉണ്ടായ എല്ലാ സംഭവങ്ങൾക്കും ആഖ്യാനങ്ങൾ ചമച്ചതും വി.ഡി സതീശനാണ്. ഉമ്മൻചാണ്ടിയുടെ നൻമ പറഞ്ഞതിന് ശേഷം ജോലിയിൽനിന്ന് നീക്കം ചെയ്യപ്പെട്ട സതിയമ്മയെ അപ്പോൾ തന്നെ സന്ദർശിച്ച വി.ഡി സതീശൻ മനസാക്ഷിയില്ലാത്ത പ്രവർത്തനമെന്നാണ് വിശേഷിപ്പിച്ചത്. നിയപരമായി സതിയമ്മക്ക് അവകാശവാദങ്ങൾ സാധ്യമല്ലെന്നിരിക്കെ വിഷയത്തെ ധാർമികമായി ഉന്നയിക്കാനുള്ള തന്ത്രം തീരുമാനിക്കപ്പെട്ടതും അവിടെയാണ്. അച്ചു ഉമ്മനെതിരായ സൈബറാക്രമണം വലിയ പ്രചാരണമാക്കിയതും തെരഞ്ഞെടുപ്പിന്റെ അജണ്ട തങ്ങൾ നിശ്ചയിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ ആഖ്യാനങ്ങളുടെ സൃഷ്ടിയും പ്രചാരണ ഏകോപനവും വിവിധ സാമൂഹിക വിഭാഗങ്ങളുമായുള്ള ചർച്ചയുമെല്ലാം മെയ്‌വഴക്കത്തോടെ കൊണ്ടുപോകുന്നതിൽ സതീശൻ വിജയിച്ചു. കോൺഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വി.ഡി.സതീശന്റെ പ്രാമുഖ്യം കൂടുതൽ ഉറപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയം.അതേസമയം, തൃക്കാക്കരയിലും പുതുപ്പള്ളിയിലും വിജയിച്ച തന്ത്രം ഒരു പൊതു തെരഞ്ഞെടുപ്പ് വരുമ്പോൾ എത്രത്തോളം ഫലപ്രദമാവും എന്നത് സംശയാസ്പദമാണ്. ഉപതെരഞ്ഞെടുപ്പിലെത് പോലെ സംസ്ഥാനത്തെ പ്രധാന നേതാക്കളെയെല്ലാം ഒരേ സ്ഥലത്ത് ഏകീകരിക്കാൻ പൊതു തെരഞ്ഞെടുപ്പിൽ സാധ്യമാവില്ല. സി.പി.എമ്മിന്റെ സംഘടനാ സംവിധാനമാകട്ടെ കോൺഗ്രസിന്റെതിനേക്കാൾ ബഹുദൂരം മുന്നിലാണ്.

TAGS :

Next Story