നിലമ്പൂരിൽ പി.വി അൻവറിന് എഎപി പിന്തുണയില്ല; തീരുമാനം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിക്കാണ് പിന്തുണ നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെയാണ് പിന്തുണ വേണ്ടെന്ന തീരുമാനം

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അൻവറിന് ആംആദ്മി പാര്‍ട്ടിയുടെ(എഎപി) പിന്തുണ ഇല്ല.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിക്കാണ് പിന്തുണ നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി ആയതോടെയാണ് പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തത്. ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കേണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്.
ടിഎംസി സ്ഥാനാർഥിയായി പി.വി അൻവർ നൽകിയ നാമനിർദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായി നൽകിയ പത്രികയാണ് അംഗീകരിച്ചത്. 1968ലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പാലിക്കാത്തതാണ് അൻവറിൻ്റെ പത്രിക തള്ളാൻ കാരണമായത്. ആകെ 19 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനയിൽ അൻവറിൻ്റേത് ഉൾപ്പെടെ ഏഴ് പത്രികകൾ തള്ളി.
കേരളത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ ഇല്ലാത്തതാണ് പത്രിക തള്ളാന്‍ കാരണമായത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സ്ഥാനാർഥിയെ പറ്റി കമ്മീഷനിൽ അറിയിക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ പി.വി അൻവർ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നതിനാൽ ടിഎംസി ഇത് നൽകുന്നത് വൈകി. ഇതോടെയാണ് പത്രിക തള്ളിയത്.
അതേസമയം നിലമ്പൂരിൽ പിന്തുണ ആവശ്യപ്പെട്ട് പി.വി അൻവർ കത്ത് നൽകിയെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് അഡ്വ വിനോദ് വിൽസൺ മാത്യു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്തുണ നൽകാൻ ദേശീയ നേതൃത്വം തീരുമാനിച്ചാൽ എഎപി സജീവമായി നിലമ്പൂരിൽ ഉണ്ടാകുമെന്നും വിൽസൺ മാത്യു മീഡിയവണിനോട് പറഞ്ഞിരുന്നു.
Adjust Story Font
16

